എന്റെ മൗനം വാചാലം; ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ല: സുധാകരനോട് മുല്ലപ്പള്ളി

വൈരാഗ്യബുദ്ധിയോടെ തന്നോട് പെരുമാറുന്നുവെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈരാഗ്യ ബുദ്ധിയോടെ ആരോടും ഇന്നുവരെ പെരുമാറിയിട്ടില്ല. വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു തടസവും സൃഷ്ടിക്കാന്‍ പാടില്ലെന്ന് തനിക്ക് നിര്‍ബന്ധബുദ്ധിയുണ്ട്. തന്റെ മൗനം വാചാലമാണെന്നും കൂടുതല്‍ പറയിപ്പിക്കരുത് എന്നും സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പുനസംഘടന നടത്തുന്നത് അധാര്‍മികമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
എഐസിസി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗത്തില്‍ ഉയര്‍ന്നിരുന്നു. പുനഃസംഘടനയോടുള്ള ഭിന്നത വ്യക്തമാക്കി എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും ചെയ്തു.