മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ നിയമസഭയില്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ പ്രദേശത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്നും ബേബി ഡാം പണിയണമെന്നുമുള്ള തമിഴ്‌നാടിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തുവെന്നാണ് പ്രതിപക്ഷ ആരോപണം. വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കയും അരക്ഷിതാവസ്ഥയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.
അടിയന്തര പ്രമേയത്തിന് ആദ്യം മറുപടി നല്‍കിയ വനം മന്ത്രി എകെ ശശീന്ദ്രന്‍, മരംമുറി ഉത്തരവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍വരുന്നത് ആറാം തിയതിയാണെന്നും ഏഴാം തിയതി തന്നെ ഉത്തരവ് മരിവിപ്പിച്ചെന്നും പറഞ്ഞു. കേരളത്തിന്റെ സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നുതന്നെയാണ് സര്‍ക്കാര്‍ നയം. അതിനെതിരായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ച നിലപാടിനെതിരെ ഏത് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചാലും അതംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മരംമുറിക്കാന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചു. ഭരണനേതൃത്വത്തിന്റെ അറിവില്ലാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗം വിളിക്കില്ല. തമിഴ്‌നാട് പരസ്യപ്പെടുത്തിയില്ലെങ്കില്‍ ഉത്തരവ് എന്താകുമായിരുന്നെന്നും എന്തിനാണ് മന്ത്രിക്കസേരിയില്‍ ഇരിക്കുന്നതെന്നും മന്ത്രി എകെ ശശീന്ദ്രനോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
മരംമുറിക്കാനുള്ള അനുമതി മന്ത്രി അറിയാതെ പോയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. വൈല്‍ഡ് ലൈഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ വനംമന്ത്രിയുമാണ്. ഇവരറിയാതെ ഉത്തരവ് നല്‍കില്ല. 152 അടിയിലേക്ക് വെള്ളം സംഭരിക്കാനുള്ള തമിഴ്‌നാടിനെ അനുവദിക്കാനുള്ള നാടകമാണിതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Read Also : മുല്ലപ്പെരിയാർ: വിവാദ മരംമുറി മരവിപ്പിച്ച് ഉത്തരവിറങ്ങി
വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണെന്നും ഉത്തരവ് മരവിപ്പിക്കാതെ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം ആരുടെയും മുന്നില്‍ മുട്ടുമടക്കേണ്ട ഗതികേട് സര്‍ക്കാരിനില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മറുപടി നല്‍കി.
Story Highlights :baby dam tree felling, mullaperiyar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here