സമ്പാദ്യമെല്ലാം ഉപയോഗിച്ച് തന്റെ ഗ്രാമത്തിനായി വിദ്യാലയം പണിതു; രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരു സാധാരണക്കാരന്റെ വിജയ കഥ…

ഇന്നലെ രാജ്യം പത്മശ്രീ നൽകി ആദരിച്ചവരിൽ ഒരു സാധാരണക്കാരൻ ഉണ്ടായിരുന്നു. തന്റെ പ്രവർത്തനം കൊണ്ട് ഏറെ ശ്രദ്ധേയനായ ഒരാൾ. ഓറഞ്ച് വിൽപ്പനക്കാരൻ ഹരേകല ഹജബ്ബ. അറുപത്തിയെട്ടുകാരനായ ഹജബ്ബ തന്റെ സ്വന്തം നാടായ ഹരേകലയിൽ സ്‌കൂൾ ആരംഭിച്ച് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനാണ് ഈ പുരസ്‌കാരം നേടിയത്. തന്റെ സമ്പാദ്യം കൊണ്ട് സ്‌കൂൾ നിർമ്മിച്ച അദ്ദേഹം വർഷാവർഷം അതിന്റെ വളർച്ചയ്‌ക്ക് ആവശ്യമായ സംഭാവനയും നൽകി പോരുന്നുണ്ട്. ഇന്നലെ നടന്ന പുരസ്‌കാര ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് അദ്ദേഹം ‘പത്മശ്രീ’ ഏറ്റുവാങ്ങി.
2020 ജനുവരി 25-ന് ഹജബ്ബയ്ക്ക് പത്മശ്രീ പുരസ്‌കാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലമായതിനാൽ അന്ന് ചടങ്ങ് നടന്നില്ല. 2020 മാർച്ചിൽ രാഷ്ട്രപതി ഒപ്പുവച്ച സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് കാണിച്ച് അദ്ദേഹത്തിന് ഒരു കത്തും ലഭിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ചടങ്ങ് വൈകുകയായിരുന്നു.
65 വയസ്സുള്ള ഈ ഓറഞ്ച് വിൽപ്പനക്കാരൻ അക്ഷരങ്ങളുടെ വിശുദ്ധൻ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. തന്റെ ഗ്രാമത്തിൽ സ്‌കൂൾ ഇല്ലാത്തതിനാൽ പഠിക്കാൻ സാധിക്കാതെ പോയത് ജീവിതത്തിലുടനീളം അദ്ദേഹത്തിന് ഏറെ വിഷമമുള്ള കാര്യമായിരുന്നു. എന്നാൽ തന്റെ ഗ്രാമത്തിന്റെ ഈ ദുഃഖം മാറണമെന്ന് ഹജബ്ബ ആത്മാർഥമായി ആഗ്രഹിച്ചു. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് 1995-ൽ സ്‌കൂൾ നിർമ്മാണത്തിലേക്കുള്ള തന്റെ യാത്ര തുടങ്ങി. സ്‌കൂൾ പണിയാനായി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവാദവും സ്‌കൂളിനുള്ള ഭൂമിയും അദ്ദേഹത്തിന് ലഭിച്ചു. 1999 ൽ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്തിൽ നിന്ന് സ്‌കൂൾ തുറക്കുന്നതിനുള്ള അനുവാദം കൂടെ ലഭിച്ചതോടെ ഹജബ്ബയുടെയും ഗ്രാമവാസികളുടെയും സ്വപ്നം യാഥാർത്ഥ്യമായി.

ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തുള്ള ഹജബ്ബയുടെ പ്രവർത്തനത്തിന് രാജ്യം ഇന്നലെ പത്മശ്രീ നൽകി ആദരിച്ചു. എന്നാൽ ഹജബ്ബയുടെ ജീവിതത്തിൽ സംഭവിച്ച ഒരു പ്രത്യേക സംഭവമാണ് ഈ സ്വപ്നത്തിലേക്ക് വഴിത്തിരിവായത്. ഒരിക്കൽ സ്വന്തം ഗ്രാമമായ ന്യൂപഡുപുവില്‍ പതിവുപോലെ കച്ചവടത്തിറങ്ങിയതായിരുന്നു ഹജബ്ബ. അന്ന് തന്റെ നാട് കാണാനെത്തിയ രണ്ട് വിദേശികൾക്ക് അടുത്തേക്ക് ഓറഞ്ചുമായി ചെന്നു. എന്നാൽ അവർ ചോദിക്കുന്നത് മനസ്സിലാക്കാനോ മറുപടി നൽകാനോ ഹജബ്ബയ്ക്ക് ആയില്ല. കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ ഓറഞ്ച് വാങ്ങാതെ അവർ മടങ്ങി പോയി. ഇത് ഹജബ്ബയെ വല്ലാതെ വേദനിപ്പിച്ചു. അവർ ഓറഞ്ച് വാങ്ങാത്തതിനെക്കാളും ഭാഷയറിയാത്തതും അവരുമായി സംസാരിക്കാൻ സാധിക്കാത്തതും ഹജബ്ബയെ വല്ലാതെ വേദനിപ്പിച്ചു. ഇത് തന്റെ മാത്രമല്ല തന്റെ ഗ്രാമത്തിലെ എല്ലാവരുടെയും അവസ്ഥ ഇതാണെന്നും ഇനിയുള്ള തലമുറ മാറണമെന്നുള്ള തിരിച്ചറിവിൽ നിന്നുമാണ് ഗ്രാമത്തിൽ സ്‌കൂൾ പണിയണമെന്ന സ്വപ്നത്തിലേക്ക് ഹജബ്ബ കടന്നത്.
എന്നാൽ അതിനായി നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നു. സർക്കാർ സഹായമില്ലാതെ അത് നടക്കില്ലെന്ന് കണ്ട അദ്ദേഹം നിരന്തരമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. ഒടുവില്‍ അദ്ദേഹത്തിന്റെ പരിശ്രമത്തിന് ഫലം കണ്ടു. സർക്കാർ ഗ്രാമത്തിൽ സ്‌കൂൾ അനുവദിച്ചു. ഒടുവിൽ 2004 ൽ ഗ്രാമത്തിൽ യു.പി സ്‌കൂള്‍ നിലവില്‍ വന്നു. ഇന്നും ഈ വിദ്യാലയമല്ലാതെ സ്വന്തമായി വീടോ വേറെ സമ്പാദ്യമോ അദ്ദേഹത്തിന് ഇല്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here