Advertisement

തകർപ്പൻ ഫിഫ്റ്റിയുമായി രജത് പാട്ടിദാർ; കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച സ്കോർ

November 9, 2021
Google News 2 minutes Read
madhya pradesh innings kerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് നേടി. 49 പന്തിൽ 77 റൺസെടുത്ത ആർസിബി താരം രജത് പാട്ടിദാറാണ് മധ്യപ്രദേശിൻ്റെ ടോപ്പ് സ്കോറർ. കേരളത്തിനായി എംഎസ് അഖിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. 2 ഓവറുകളിൽ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മനു കൃഷ്ണൻ പിന്നെ പന്തെറിയാതിരുന്നത് അതിശയമായി. (madhya pradesh innings kerala)

നിർണായക മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത സഞ്ജുവിൻ്റെ തീരുമാനം ശരിവച്ചുകൊണ്ട് തകർപ്പൻ ഫോമിലുള്ള വെങ്കിടേഷ് അയ്യർ (1) ആദ്യ ഓവറിൽ മനുകൃഷ്ണൻ്റെ ഇരയായി മടങ്ങി. എന്നാൽ, രണ്ടാം വിക്കറ്റിൽ കുൽദീപ് ഗെഹിയും രജത് പാട്ടിദാറും ചേർന്ന് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ കേരളത്തിനു മറുപടി ഇല്ലാതായി. 45 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 21 പന്തിൽ 31 റൺസെടുത്ത ഗെഹിയെ ജലജ് സക്സേന പുറത്താക്കി. പകരമെത്തിയ ക്യാപ്റ്റൻ പാർത്ഥ് സഹാനി പാട്ടിദാറിന് പറ്റിയ കൂട്ടാളി ആയതോടെ മധ്യപ്രദേശ് കുതിച്ചു. 38 പന്തുകളിൽ പാട്ടിദാർ ഫിഫ്റ്റി തികച്ചു. 51 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ സഹാനി (32) മടങ്ങി. അഖിലിനായിരുന്നു വിക്കറ്റ്. പിന്നാലെ സരൻഷ് ജെയിനെ (11) മിധുൻ എസ് വേഗം മടക്കിയെങ്കിലും അവസാന ഓവറുകളിൽ തകർത്തടിച്ച പാട്ടിദാർ മധ്യപ്രദേശിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ പാട്ടിദാർ അഖിലിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഈ കളി ഉയർന്ന മാർജിനിൽ ജയിച്ചാൽ മാത്രമേ കേരളത്തിന് പ്രതീക്ഷയുള്ളൂ. അഞ്ച് മത്സരത്തിൽ നാലും ജയിച്ച ഗുജറാത്ത് എലീറ്റ് ഗ്രൂപ്പ് ഡിയിൽ നിന്ന് അടുത്ത ഘട്ടത്തിൽ പ്രവേശിച്ചു. ഈ കളി തോറ്റാൽ കേരളം പുറത്താവും. ജയിച്ചാൽ, നെറ്റ് റൺ റേറ്റിൻ്റെ അടിസ്ഥാനത്തിലാവും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവുക. മധ്യപ്രദേശ് ഉയർന്ന സ്കോർ നേടിയതോടെ കേരളത്തിന് ഉയർന്ന മാർജിനിൽ ജയിക്കുക എന്നത് വളരെ ബുദ്ധിമുട്ടാവും.

Story Highlights : madhya pradesh innings kerala syed mushtaq ali trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here