സ്കൂളിലെ ഉച്ചഭക്ഷണം; പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയാകുന്നു

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയാകുന്നു. ബാച്ചുകൾ ആക്കി സ്കൂളുകൾ പ്രവർത്തിക്കുന്നതും, അഞ്ചിൽ നിന്ന് ആറായി പ്രവർത്തി ദിവസങ്ങൾ കൂട്ടിയതും അധിക ചെലവിനു കാരണമായി. അഞ്ചു വർഷം മുമ്പ് നിശ്ചയിച്ച തുകയാണ് ഓരോ കുട്ടിക്കും ഉച്ചഭക്ഷണത്തിനായി സർക്കാർ ഇപ്പോഴും നൽകുന്നത്.
കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നതിന് പിന്നാലെ ഈ മാസം മുതൽ ഉച്ചഭക്ഷണ പദ്ധതിയും പുനരാരംഭിച്ചു. 150 കുട്ടികൾ വരെ പ്രതിദിനം ഒരു കുട്ടിക്ക് 8 രൂപയും ബാക്കിയുള്ള കുട്ടികൾക്ക് ഏഴു രൂപയുമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. രണ്ടും മൂന്നും ബാച്ചുകൾ ആയി കുട്ടികൾ സ്കൂളിൽ എത്തുന്ന സാഹചര്യം ആയതിനാൽ പാചക ചെലവും കുത്തനെ ഉയർന്നു.
നേരത്തെ ആഴ്ചയിൽ രണ്ടു തവണയാണ് കുട്ടികൾക്ക് പാൽ നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നാല് തവണ നൽകേണ്ടിവരുന്നു. ഒരു തവണ നൽകിയിരുന്ന മുട്ടയും ഇപ്പോൾ രണ്ട് തവണ നൽകേണ്ടിവരും. സാധനങ്ങളുടെ വില വർധിച്ചതോടെ സംസ്ഥാനത്തെ മിക്ക പ്രധാന അധ്യാപകരും കൈയിൽ നിന്ന് കാശ് എടുത്താണ് മുടക്കമില്ലാതെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്. പക്ഷേ ഇത് എത്രകാലം തുടരാൻ കഴിയുമെന്ന് അധ്യാപകർ ചോദിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here