“ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്ത ഒരു ചിത്രം ഉണ്ട്. അമേരിക്കൻ മോഡൽ ബെല്ല ഹദീദ് പങ്കുവെച്ച ചിത്രം. വിഷാദ രോഗത്തിന്റെ നമ്മൾ അറിയാതെ പോകുന്ന അവസ്ഥയിലേക്കാണ് ആ ചിത്രം വിരൽ ചൂണ്ടുന്നത്. കാരണം എപ്പോഴാണ് വിഷാദത്തിൽ പിടിയിൽ അകപ്പെടുന്നത് എന്ന് ചിലപ്പോൾ നമുക്ക് മനസിലാക്കാൻ സാധിച്ചെന്ന് വരില്ല. പല ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലും ഒരുപക്ഷെ നമ്മൾ അറിയാതെ പോകുന്ന വിഷാദമെന്ന വില്ലനെ കാണാം. കൂടെയുള്ളവർക്ക് പോലും ഒരുപക്ഷെ നമ്മളെ മനസിലാകാതെ പോകുന്ന അവസ്ഥ. ചിരിക്കാനോ തുറന്നു സംസാരിക്കാനോ സാധിക്കാതെ മാനസികമായി തകർന്നുപോകുന്നവർ നമുക്ക് ചുറ്റും നിരവധിയാണ്. നിരവധി പേർ തങ്ങൾ അനുഭവിച്ചുപോയ ഈ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
ബെല്ല ഹദീദ് പങ്കുവെച്ച ചിത്രത്തോടൊപ്പം അവർ അനുഭവിച്ച അവസ്ഥയെക്കുറിച്ചുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. “എല്ലാവരും വ്യത്യസ്തരാണെങ്കിലും അടിസ്ഥാനപരമായ എല്ലാവരുടെയും വികാരങ്ങൾ ഒരുപോലെയാണ്. ജീവിതത്തിലെ പല അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ നമ്മൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അരക്ഷിതാവസ്ഥയെ കുറിച്ചും ബെല്ല പോസ്റ്റിൽ തുറന്ന് പറയുന്നുണ്ട്. ജീവിതത്തിലുണ്ടാകുന്ന നഷ്ടവും ആശയക്കുഴപ്പവും നമ്മളിൽ ഉത്കണ്ഠയും പേടിയും സൃഷ്ടിക്കുന്നു. ഇത് തരണം ചെയ്യാൻ പല മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കാറ്. ഈ ഘട്ടത്തിൽ തനിക്ക് ഉത്കണ്ഠയും വിഷാദരോഗവും പിടിപെട്ടതായും ബെല്ല വ്യക്തമാക്കി.
ഫാഷൻ മാഗസിനുകളിലും സ്‌ക്രീനുകളിലും ചിരിക്കുന്ന മുഖത്തോടെ മാത്രമാണ് മിക്കപ്പോഴും നമ്മൾ ബെല്ലയെ കണ്ടിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ പറയുന്നതും കാണുന്നതുമെല്ലാം യഥാർത്ഥ ജീവിതമാകാമെന്നില്ല എന്നും കുറിപ്പിൽ ബെല്ല പറയുന്നു. നമുക്ക് ചുറ്റുമുള്ള പലരുടെയും അവസ്ഥ ഇതുതന്നെയാണ്. പലരും മാനസികമായി വെല്ലുവിളികൾ നേരിടുന്നവരാണ്. അത് നമ്മൾ എപ്പോഴും ഓർക്കണം. നമ്മുടെ ചെറിയ കരുതലുകൾ അവർക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ വലുതായിരിക്കും.
“എന്റെ പല രാത്രിയും പകലും ഈ ഫോട്ടോയിൽ കാണുന്ന പോലെയായിരുന്നു. നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് പലരും പറയുന്നുണ്ടാകും. അതുതന്നെയാണ് എനിക്കും നിങ്ങളോട് പറയാനുള്ളത്. ആരുമില്ലെന്ന തോന്നൽ കൂടുതൽ നമ്മളെ തളർത്തുകയെ ഉള്ളു. എനിക്ക് ആ സമയം തരണം ചെയ്യാൻ ഏറെ പ്രയാസമായിരുന്നു. ഒരു റോളർ കോസ്റ്ററിൽ ചലിക്കുന്നതു പോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. നിരവധി പ്രതിസന്ധികൾ ആ സമയത്ത് ഞാൻ നേരിട്ടു. അതിനർഥം ആ റോളർകോസ്റ്റർ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയില്ല എന്നല്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ലക്ഷ്യത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും.” ബെല്ല പറയുന്നു. നിരവധിപേരാണ് ബെല്ലയെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തെത്തിയിരിക്കുന്നത്. നിരവധി പേർ തങ്ങളുടെ അനുഭവവും പങ്കുവെച്ചിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here