മുല്ലപ്പെരിയാർ മരംമുറി; നിലപാടിൽ ഉറച്ച് മന്ത്രി എ കെ ശശീന്ദ്രൻ

മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ നിലപാടിൽ ഉറച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. താൻ ഒന്നും അറിഞ്ഞില്ലാ എന്ന് മന്ത്രി ആവർത്തിച്ചു. ആരെയും നീതീകരിക്കാൻ ശ്രമിച്ചിട്ടില്ല. പറയാൻ ഉള്ളതെല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
നേരത്തെ മരംമുറി അനുമതി നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹയും ഇടപെട്ടതിനു തെളിവ് പുറത്തുവന്നിരുന്നു. മരംമുറി അനുമതിക്കു ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ കൂടാതെ വനം പ്രിൻസിപ്പൽ സെക്രട്ടറിയും വനം വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിരന്തരം സമ്മർദം ചെലുത്തിയെന്നും പലതവണ കത്തിടപാടുകൾ നടത്തിയെന്നുമുള്ള രേഖകളാണു പുറത്തായത്.
വിവാദ ഉത്തരവിറക്കിയതു സർക്കാർ അറിയാതെയാണെന്ന് അവകാശപ്പെടുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ നിലപാടുകളിലെ പൊരുത്തക്കേട് വ്യക്തമാക്കുന്നതാണു വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തുകൾ. അതേസമയം മരംമുറി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here