സിബിഐ, ഇഡി മേധാവികളുടെ കാലാവധി നീട്ടി കേന്ദ്രം
സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവികളുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. അഞ്ച് വർഷം വരെയാണ് കാലാവധി നീട്ടിയത്. നിലവിൽ രണ്ട് വർഷമാണ് മേധാവിമാരുടെ കാലാവധി. കേന്ദ്ര ഏജൻസികളെ മോദി സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പുതിയ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ രണ്ട് ഓർഡിനൻസുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഓർഡിനൻസ് അനുസരിച്ച്, രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം മേധാവികൾക്ക് വീണ്ടും മൂന്ന് വർഷം കൂടി സ്ഥാനത്ത് തുടരാം.
എന്നാൽ പ്രാരംഭ കാലാവധി പൂർത്തിയാക്കിയ ശേഷം പൊതു താൽപ്പര്യാർത്ഥം അല്ലെങ്കിൽ ക്ലോസ് (എ) പ്രകാരമുള്ള കമ്മിറ്റിയുടെ ശുപാർശ പ്രകാരമോ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാം. വർഷാവർഷം മാത്രേ കാലാവധി നീട്ടി നൽകാൻ കഴിയു. അഞ്ച് വർഷത്തെ കാലയളവ് പൂർത്തിയാക്കിയതിന് ശേഷം അത്തരത്തിലുള്ള ഒരു വിപുലീകരണവും അനുവദിക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. അപൂർവവും അസാധാരണവുമായ കേസുകളിൽ മാത്രമേ കാലാവധി നീട്ടാവൂ എന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here