2025 ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകണോ എന്ന് കേന്ദ്രം തീരുമാനിക്കും

2025 ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കണോ എന്നതിൽ ആഭ്യന്തര മന്ത്രാലയം തീരുമാനം എടുക്കുമെന്ന് കായികമന്ത്രി അനുരാഗ് താക്കൂർ. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പല രാജ്യങ്ങളും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു എന്നും ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. (Home ministry India Pakistan)
“സമയമാവുമ്പോൾ, എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. തീരുമാനം എടുക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം ഇടപെടും. സുരക്ഷാ പ്രശ്നങ്ങൾ കാരണം നിരവധി രാജ്യങ്ങൾ പാക് പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു. സുരക്ഷാ സംവിധാനങ്ങൾ വിശകലനം ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മുൻകാലങ്ങളിലും പാകിസ്താനിൽ കളിക്കാൻ രാജ്യങ്ങൾ വിസമ്മതിച്ചിരുന്നു. അവിടെ കളിക്കാൻ പോയ താരങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതൊരു വലിയ പ്രശ്നമാണ്.”- മന്ത്രി പറഞ്ഞു.
1996ലെ ലോകകപ്പിനു ശേഷം പാകിസ്താനിൽ നടക്കുന്ന ആദ്യ ഐസിസി ഇവൻ്റാണ് 2025 ചാമ്പ്യൻസ് ട്രോഫി. ലോകോത്തര നിലവാരത്തിൽ ടൂർണമെൻ്റ് സംഘടിപ്പിക്കുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞിരുന്നു.
Read Also : ടി-20 റാങ്കിംഗ്: രാഹുലിനെ പിന്തള്ളി റിസ്‌വാൻ; സാമ്പയ്ക്കും നേട്ടം
2031 വരെയുള്ള ഐസിസി ഇവൻ്റുകളിൽ ഇന്ത്യയ്ക്ക് മൂന്ന് ടൂർണമെൻ്റുകളുണ്ട്. 2026 ടി-20 ലോകകപ്പ്, 2029 ചാമ്പ്യൻസ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നീ ഇവൻ്റുകളാണ് ഇന്ത്യയിൽ നടക്കുക. 2024ലെ ടി-20 ലോകകപ്പിന് അമേരിക്ക വേദിയാവും. വെസ്റ്റ് ഇൻഡീസിനൊപ്പം സംയുക്ത വേദിയാണ് അമേരിക്ക. ഇത് ആദ്യമായാണ് അമേരിക്ക ഒരു ഐസിസി ഇവൻ്റിനു വേദിയാവുന്നത്. 2024 ജൂണിലാണ് ടി-20 ലോകകപ്പ്.
2026ലെ ടി-20 ലോകകപ്പ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് നടത്തുക. 2027 ഒക്ടോബർ-നവംബർ മാസങ്ങളിൽ നമീബിയ ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പിന് വേദിയൊരുക്കും. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കൊപ്പം സംയുക്തമായാണ് നമീബിയ വേദിയാവുക. 2028 ഒക്ടോബറിൽ ഓസ്ട്രേലിയ, ന്യൂസീലൻഡ് രാജ്യങ്ങളിലായി ടി-20 ലോകകപ്പ് നടക്കും. 2030ൽ അയർലൻഡ്, സ്കോട്ട്‌ലൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ സംയുക്തമായി ടി-20 ലോകകപ്പിനു വേദിയൊരുക്കും. 2031 ഏകദിന ലോകകപ്പ് ഇന്ത്യയും ബംഗ്ലാദേശും ചേർന്ന് നടത്തും.
Story Highlights: Home ministry India participation Champions Trophy Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here