ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പൊലീസിന് വീഴ്ച പറ്റി, പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് ആരെന്ന് സർക്കാർ പറയണം: സുരേഷ് ഗോപി

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി എം പി. കൊലപാതകം നടന്നതറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ല. പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കിയത് ആരെന്ന് സർക്കാർ പറയണമെന്നും ഇക്കാര്യത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരും ഉത്തരവാദികളാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് എഫ്ഐആർ പുറത്തുവന്നിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് കണ്ടാലറിയാവുന്ന അഞ്ച് പേരെന്ന് എഫ്ഐആറിൽ പറയുന്നു. മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയവിരോധത്തിന്‍റെ പേരിൽ കൊലപാതകം നടന്നുവെന്നാണ് എഫ്ഐആർ പറയുന്നത്. എന്നാൽ എന്താണ് കൃത്യം കൊലപാതകകാരണമെന്ന് എഫ്ഐആറിൽ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ പേരുകളും എഫ്ഐആറിലില്ല.
Read Also :ആർഎസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐ ആർ
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്‍റെ ശരീരത്തിലേറ്റത്. ഒരു കൊല്ലം മുമ്പ് സഞ്ജിത്തിനെ എസ്‍ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എസ്‍ഡിപിഐ നടത്തിയതെന്നാണ് ബിജെപി ആരോപണം.
Story Highlights : Suresh gopi on Rss Worker sanjith death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here