മരിച്ചെന്ന് കരുതി മോർച്ചറിയിൽ സൂക്ഷിച്ചു; 45 കാരനെ അടുത്ത ദിവസം ജീവനോടെ കണ്ടെത്തി

വാഹനാപകടത്തിൽ മരിച്ചെന്ന് കരുതി മോർച്ചറിയിൽ സൂക്ഷിച്ച 45 കാരനെ അടുത്ത ദിവസം ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഒരു രാത്രി മുഴുവൻ ഫ്രീസറിൽ കഴിഞ്ഞ ഇയാളെ പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തപ്പോഴാണ് ജീവൻ ഉള്ളതായി കണ്ടെത്തിയത്. അതേസമയം ഡോക്ടറുടെ വീഴ്ചയാണോ സംഭവത്തിന് കാരണമെന്ന് അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
മൊറാദാബാദിൽ വെച്ചാണ് ശ്രീകേഷ് കുമാറിന് അപകടം ഉണ്ടാകുന്നത്. ഇയാൾ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചു. ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന ശ്രീകേഷിനെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രീയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തും മുൻപാണ് മരണം സംഭവിച്ചതെന്നും ഡോക്ടർ പറഞ്ഞു.
ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. ശേഷം കുടുംബം എത്തുന്നതുവരെ മൃതദേഹം മോർച്ചറി ഫ്രീസറിൽ സൂക്ഷിച്ചു. പോസ്റ്റ്‌മോർട്ടത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാൻ പൊലീസും കുടുംബവും എത്തിയതോടെ മൃതദേഹം പുറത്തെടുത്തു. ഈ സമയം ശ്രീകേഷ് ശ്വസിക്കുന്നത് ബന്ധുക്കൾ ശ്രദ്ധിച്ചു. ജീവൻ തിരിച്ചുകിട്ടിയ 45 കാരൻ ഇപ്പോൾ കോമയിലാണ്.
Story Highlights : up-man-declared-dead-kept-inside-morgue-freezer-found-alive-next-day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here