രാഹുൽ കെപി ഐഎസ്എൽ ബബിൾ വിടും; വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക്

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി വിങ്ങർ രാഹുൽ കെപി ഇന്ത്യൻ സൂപ്പർ ലീഗ് ബബിൾ വിടും. എടികെ മോഹൻബഗാനെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ താരം വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് തിരിക്കുമെന്ന് ക്ലബ് അറിയിച്ചു. രാഹുൽ കെപിയുടെ കാലിൻ്റെ പേശിക്കാണ് പരുക്കേറ്റിരിക്കുന്നത്. എടികെക്കെതിരെ താരം ഒരു അസിസ്റ്റ് നേടിയിരുന്നു. (rahul injury kerala blasters)
30ആം മിനിട്ടിലെ ഡ്രിങ്ക്സ് ബ്രേക്കിലാണ് രാഹുൽ കെപിയെ പരിശീലകൻ ഇവാൻ വുക്കുമാനോവിച്ച് പിൻവലിച്ചത്. പിന്നീട് പേശിക്കേറ്റ പരുക്കാണ് കാരണമെന്ന് സ്ഥിരീകരണമുണ്ടായി. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഹ്യൂഗോ ബോമു ആദ്യ പകുതിയിൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ (2, 39 മിനിട്ടുകൾ) 21ആം മിനിട്ടിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്സ് ഒരെണ്ണം മടക്കി. റോയ് കൃഷ്ണ 27ആം മിനിട്ടിൽ എടികെയുടെ മൂന്നാം ഗോൾ കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പിന്നിലായിരുന്നു. 50ആം മിനിട്ടിൽ ലിസ്റ്റൻ കോളാസോ നേടിയ മനോഹര ഗോളോടെ എടികെ മൂന്ന് ഗോൾ ലീഡെടുത്തു. 69ആം, മിനിട്ടിൽ പെരേര ഡിയാസ് ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഗോളും നേടി.
നവംബർ 25ന് നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിടും. 28ന് ബെംഗളൂരു എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം ഡിസംബർ അഞ്ചിനാണ്. ഒഡീഷ എഫ്സിയാണ് എതിരാളികൾ. ഡിസംബർ 12ന് ഈസ്റ്റ് ബംഗാൾ, 19ന് മുംബൈ സിറ്റി, 22ന് ചെന്നൈയിൻ, 26ന് ജംഷഡ്പൂർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറ്റ് മത്സരങ്ങളിലെ എതിരാളികൾ.
Story Highlights : rahul kp injury update kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here