Advertisement

73 വർഷത്തിന് ശേഷം ലൈബ്രറി പുസ്തകം തിരികെ നൽകി; ലേറ്റ് ഫീസ് കണക്കാക്കിയത് ഏകദേശം 3 ലക്ഷം രൂപ…

November 22, 2021
Google News 2 minutes Read

ഏകദേശം എഴുപത്തിമൂന്ന് വർഷത്തിന് ശേഷം ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം തിരികെ നൽകിയിരിക്കുന്നു. സ്കോട്ട്ലൻഡിലാണ് സംഭവം നടക്കുന്നത്. ഏറെ കൗതുക തോന്നിയ തലക്കെട്ടിന് പിന്നിലെ യഥാർത്ഥ സംഭവം എന്താണെന്ന് അറിയണ്ടേ? ഡൺഫെർലൈനിന്റെ സെൻട്രൽ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകമാണ് എഴുപത്തിമൂന്ന് വർഷത്തിന് ശേഷം തിരികെ നൽകിയിരിക്കുന്നത്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ബുക്ക് തിരികെ ലഭിച്ചത് ലൈബ്രേറിയന്മാരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. 1948 നവംബർ 6 നു ലഭിക്കേണ്ടിയിരുന്ന പുസ്തകമായിരുന്നു ഇത്.

ലൈബ്രറിയിൽ നിന്ന് ബുക്ക് എടുത്ത വ്യക്തിയുടെ മകളാണ് പുസ്തകം ക്രോമാർട്ടി ടൗണിൽ നിന്ന് തിരിച്ചയച്ചിരിക്കുന്നത്. മെയിൽ വഴിയാണ് പുസ്തകം കിട്ടിയത്. പുസ്തകത്തിനോടൊപ്പം ഒരു കത്തും വെച്ചിട്ടുണ്ട് മകൾ. തന്റെ പരേതനായ പിതാവ് 1948-ൽ ഫൈഫിലെ തോൺടണിൽ താമസിച്ചിരുന്നുവെന്നും അദ്ദേഹത്തിന് 20 വയസ്സുള്ളപ്പോഴാണ് ഈ പുസ്തകം ലൈബ്രറിയിൽ നിന്ന് എടുത്തതെന്നും തന്റെ പിതാവ് അത് തിരികെ നൽകാൻ മറന്നതാണോ അതോ സൂക്ഷിക്കാൻ തീരുമാനിച്ചതാണോ എന്ന് തനിക്കറിയില്ലെന്നും അവർ കുറിപ്പിൽ കൂട്ടിച്ചേർത്തു. പുസ്‌തകത്തിന്റെ ഇഷ്യൂ തിയതി തന്നെ ഏറെ ആശ്ചര്യപെടുത്തിയെന്നും അവർ പ്രതികരിച്ചു.

റൂപർട്ട് ഹ്യൂസിന്റെ ‘സ്റ്റേറ്റ്‌ലി ടിംബർ’ എന്ന ഈ പുസ്തകമാണ് തിരികെ നൽകിയത്. യുകെ ദിനപത്രമായ മെട്രോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാഴ്‌സൽ തുറന്ന് കുറിപ്പ് വായിച്ച് പുസ്തകം കണ്ടപ്പോൾ ആദ്യം അമ്പരപ്പാണ് തോന്നിയത്. പിന്നീട് ഈ സംഭവം വിശ്വസിക്കാനാകാതെ ഞങ്ങൾ പൊട്ടിചിരിച്ചെന്നും ലൈബ്രേറിയൻ പറഞ്ഞു. ഇതിനുമുമ്പ് പതിനാല് വർഷത്തിന് ശേഷം ഒരു ബുക്ക് തിരികെ ലഭിച്ചിട്ടുണ്ടെന്നും ഇത് അതിലും കൗതുകമാണെന്നും അവർ പറഞ്ഞു. ബുക്കിന്റെ ലേറ്റ് ഫീസ് ആകെ 2,847 യുകെ പൗണ്ടാണ് കണക്കാക്കിയിരിക്കുന്നത്. അതായത് എകദേശം 284446 രൂപ.

Read Also : ആകെയുള്ളത് അയ്യായിരത്തോളം പേർ; മഹാമാരിയെ ഉൾകരുത്തോടെ നേരിട്ട കുഞ്ഞൻ ഗ്രാമം…

ലോകത്ത് പലയിടങ്ങളിലായി ഇത്തരം സംഭവങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും വൈകി പുസ്തകം തിരിച്ചെത്തിയത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ സിഡ്നി സസെക്സ് കോളേജ് ലൈബ്രറിയിലാണ്. 288 വർഷങ്ങൾക്ക് ശേഷമാണ് ഈ പുസ്തകം തിരികെ ലഭിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഈ പുസ്തകം ഇടംനേടിയിട്ടുണ്ട്.

Story Highlights : Scotland Library Book Returned After 73 Years, Late Fees Could be Rs 3 Lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here