Advertisement

അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ്; സിക്സറടിച്ച് ഷാരൂഖ് ഖാന്റെ ഫിനിഷ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്

November 22, 2021
Google News 2 minutes Read
tamilnadu syed mushtaq ali

സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്. തുടർച്ചയായ രണ്ടാം തവണയാണ് തമിഴ്നാട് കിരീടം നേടുന്നത്. ആവേശോജ്ജ്വലമായ മത്സരത്തിൽ കർണാടകയെ 4 വിക്കറ്റിന് തമിഴ്നാട് കീഴടക്കി. 152 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാട് അവസാന പന്തിൽ ജയം പിടിക്കുകയായിരുന്നു. 15 പന്തിൽ 33 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാരൂഖ് ഖാനാണ് വിജയശില്പി. (tamilnadu syed mushtaq ali)

ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 151 റൺസ് നേടിയത്. ടോപ്പ് ഓർഡർ പരാജയപ്പെട്ടപ്പോൾ അഭിനവ് മനോഹറിൻ്റെയും (37 പന്തിൽ 46) വാലറ്റക്കാരുടെയും പോരാട്ടമാണ് കർണാടകയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രോഹൻ കദം (0) വേഗം മടങ്ങിയപ്പോൾ ക്യാപ്റ്റൻ മനീഷ് പാണ്ഡെ (15 പന്തിൽ 13), കരുൺ നായർ (14 പന്തിൽ 18), ബിആർ ശരത് (20 പന്തിൽ 16) എന്നിവരും നിരാശപ്പെടുത്തി. അഭിനവിനൊപ്പം പ്രവീൺ ദുബെ (25 പന്തിൽ 33), ജഗദീശ സുചിത് (7 പന്തിൽ 18) എന്നിവരും കർണാടകത്തിനായി തിളങ്ങി. തമിഴ്നാടിനായി സായ് കിഷോർ 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജുവിനും അസ്‌ഹറുദ്ദീനും ഫിഫ്റ്റി; ഹിമാചലിനെ തകർത്ത് കേരളം ക്വാർട്ടറിൽ

മറുപടി ബാറ്റിംഗിൽ ഹരി നിശാന്ത് (12 പന്തിൽ 23) തമിഴ്നാടിന് തകർപ്പൻ തുടക്കം നൽകിയെങ്കിലും പിന്നീട് താളം നഷ്ടപ്പെട്ട അവർ മധ്യ ഓവറുകളിൽ പതറി. 41 റൺസെടുത്ത നാരായൺ ജഗദീശൻ തൻ്റെ ഇന്നിംഗ്സിനായി 46 പന്തുകൾ ചെലവിട്ടു എന്നത് അവർക്ക് കടുത്ത തിരിച്ചടിയായി. സായ് സുദർശൻ (9), വിജയ് ശങ്കർ (22 പന്തുകളിൽ 18), സഞ്ജയ് യാദവ് (5), എം മുഹമ്മദ് (5) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ കർണാടക കിരീടം ഉറപ്പിച്ചു. എന്നാൽ, തുടർ ബൗണ്ടറികളുമായി തമിഴ്നാടിനെ മത്സരത്തിൽ നിലനിർത്തിയ ഷാരൂഖ് ഖാൻ ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കുകയായിരുന്നു. അവസാന ഓവറിൽ 16 റൺസ് ആയിരുന്നു വിജയലക്ഷ്യം. പ്രതീക് ജെയിൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിജയിക്കാൻ 5 റൺസ് വേണ്ടിയിരിക്കെ ഡീപ് സ്ക്വയർ ലെഗിലൂടെ സിക്സർ നേടിയ ഷാരൂഖ് തമിഴ്നാടിന് തുടർച്ചയായ രണ്ടാം കിരീടം സമ്മാനിച്ചു.

Story Highlights : tamilnadu won syed mushtaq ali trophy karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here