റാഷിദോ വില്ല്യംസണോ?; സൺറൈസേഴ്സിൽ ആശയക്കുഴപ്പം

അടുത്ത സീസൺ ഐപിഎലിലേക്ക് നിലനിർത്തേണ്ട താരങ്ങളെപ്പറ്റി സൺറൈസേഴ്സ് ഹൈദരാബാദിൽ ആശയക്കുഴപ്പം. ആദ്യ റിട്ടൻഷനായി നിലനിർത്തേണ്ടത് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെയോ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെയോ എന്നതാണ് സൺറൈസേഴ്സിലെ ചോദ്യം. തന്നെ ആദ്യ റിട്ടൻഷനായി നിലനിർത്തണമെന്ന് റാഷിദ് ആവശ്യപ്പെടുമ്പോൾ കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച വില്ല്യംസണെ നിലനിർത്താനാണ് മാനേജ്മെൻ്റിൻ്റെ താത്പര്യം. (rashid khan williamson sunrisers)
ആദ്യ റിട്ടൻഷനും രണ്ടാം റിട്ടൻഷനും തമ്മിലുള്ള ശമ്പള വ്യത്യാസം 4 കോടിയാണ്. അതുകൊണ്ട് തന്നെ ആദ്യ റിട്ടൻഷനായി നിലനിർത്തുന്ന താരത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കും. ആദ്യ റിട്ടൻഷനായി തന്നെ നിലനിർത്തിയില്ലെങ്കിൽ റാഷിദ് ടീം വിടുമെന്ന സൂചനകളുമുണ്ട്. അങ്ങനെയെങ്കിൽ അത് സൺറൈസേഴ്സിന് കനത്ത തിരിച്ചടിയാവും.
Read Also: ഐപിഎൽ 2022; സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിൽ തുടരും; 14 കോടി രൂപ വാര്‍ഷിക പ്രതിഫലം
അതേസമയം, മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരും. 14 കോടി രൂപയാകും സഞ്ജുവിൻ്റെ വാർഷിക പ്രതിഫലം. ടീം ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ ഒന്നാമത്തെ കളിക്കാരനായി നിലനിർത്താനാണ് രാജസ്ഥാൻ റോയൽസ് തീരുമാനിച്ചത്. സഞ്ജുവിന് പുറമേ ജോസ് ബട്‌ലർ, ജോഫ്രാ ആർച്ചർ, ലിയാം ലിവിംഗ്സ്റ്റൺ, യശസ്വി ജെയ്‌സ്വാൾ എന്നിവരിൽ മൂന്ന് പേരെ കൂടി രാജസ്ഥാൻ നിലനിർത്തും.
ടീം കോർ നിലനിർത്താനാണ് മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം. രോഹിതിനും ബുംറയ്ക്കുമൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയും മുംബൈ നിലനിർത്തിയേക്കും. വിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിലനിർത്താനും മുംബൈ ആലോചിക്കുന്നുണ്ട്. സൂര്യകുമാർ യാദവിനെ ലേലത്തിൽ തിരിച്ചുപിടിക്കാനാണ് അവരുടെ ശ്രമം.
ചെന്നൈ സൂപ്പർ കിംഗ്സിൽ ക്യാപ്റ്റൻ എംഎസ് ധോണി ടീമിൽ തുടരും. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെയും ചെന്നൈ മാനേജ്മെൻ്റ് ടീമിൽ നിലനിർത്തിയേക്കും. മൊയീൻ അലി, സാം കറൻ എന്നിവരിൽ ഒരു വിദേശതാരവും ടീമിൽ തുടരും.
ഡൽഹി ക്യാപിറ്റൽസിൽ പൃഥ്വി ഷാ, ഋഷഭ് പന്ത്, അക്സർ പട്ടേൽ, ആൻറിച് നോർക്കിയ എന്നിവരെയാവും നിലനിർത്തുക. ശിഖർ ധവാൻ, ആർ അശ്വിൻ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ എന്നിവരെയടക്കം നിലനിർത്തില്ല. ശ്രേയാസ് അഹ്മദാബാദ് ഫ്രാഞ്ചൈയുടെ ക്യാപ്റ്റനാവുമെന്നും സൂചനയുണ്ട്.
Story Highlights : rashid khan kane williamson sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here