അട്ടപ്പാടിയിലെ ശിശുമരണം; സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

അട്ടപ്പാടിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ശിശു മരണത്തിനു കാരണം സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. മരണപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്ന് നേരത്തേ മരണങ്ങള്‍ നടന്ന അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്. നേരത്തെതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ നാലു ദിവസത്തിനിടെ നാല് പിഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നു.
ഈ വര്‍ഷം ഇത് വരെ പതിനൊന്നു മരണം റിപ്പോര്‍ട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അടിക്കടി മരണം ഉണ്ടാകുമ്പോഴും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ്. ആരോഗ്യ വകുപ്പിന്റെയും പട്ടികജാതി വകുപ്പിന്റെയും പൂര്‍ണ്ണ പരാജയമാണിത്. കുറ്റക്കാര്‍ക്കെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണം.
ശിശുമരണത്തില്‍ സര്‍ക്കാര്‍ ഒന്നാം പ്രതിയും ഉദ്യോഗസ്ഥര്‍ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നും മരണപ്പെട്ട പിഞ്ചു കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also : അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
അട്ടപ്പാടിയില്‍ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികളാണ് മരിച്ചത്. നവജാത ശിശുമരണം ആവര്‍ത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികള്‍ക്കായുള്ള പദ്ധതി മുടങ്ങിയത്. അട്ടപ്പാടിയിലെ ആദിവാസികളാശ്രയിക്കുന്ന ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടര്‍ ടി വി അനുപമയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights : attapady child death, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here