Advertisement

സിറോ മലബാർ സഭയിലെ പുതുക്കിയ ഏകീകൃത കുർബാനക്രമം ഇന്ന് മുതൽ

November 28, 2021
Google News 1 minute Read
syro malabar uniform qurbana rites

സിറോ മലബാർ സഭയിലെ പുതുക്കിയ ഏകീകൃത കുർബാനക്രമം ഇന്നു മുതൽ നിലവിൽ വരും. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും പുതിയ രീതിയിലുള്ള കുർബാനക്രമം നടപ്പിലാക്കില്ല. സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ഏകീകൃത രീതിയിൽ കുർബാനയർപ്പിക്കും. കുർബാനക്രമ ഏകീകരണത്തിനെതിരെ തൃശൂർ ഉൾപ്പെടെയുള്ള രൂപതകളിൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

സഭയിൽ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുർബാനയർപ്പണ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന അർപ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുർബാനയിൽ വിശ്വാസപ്രമാണം മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും. വർഷങ്ങൾ നീണ്ട എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പിലാക്കുന്നത്.

1999ൽ പുതുക്കിയ കുർബാന രീതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പല രൂപതകളിലും അംഗീകരിച്ചിരുന്നില്ല. വിശ്വാസികളുടെയും വൈദികരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത പുതുക്കിയ കുർബാന ക്രമം നടപ്പിലാക്കുന്നില്ല. അതിരൂപതയിൽ നിലവിലുള്ള ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ബലിയർപ്പണം കാക്കനാട് സെൻറ് തോമസ് മൗണ്ടിലേക്ക് മാറ്റി. സിനഡ് അംഗീകാരം നൽകിയ പുതിയ രീതി അനുസരിച്ചായിരിക്കും കർദിനാൾ കുർബാനയർപ്പിക്കുക. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുറമേ ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളും ജനാഭിമുഖ കുർബാന തുടരും.

Read Also : സിറോ മലബാര്‍ സഭാ ഭൂമിയിടപാട്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

അതേസമയം ജനാഭിമുഖ കുർബാന നിലവിലുള്ള തൃശൂർ അതിരൂപതയും പാലക്കാട്, താമരശേരി, മാനന്തവാടി രൂപതകളും ഇന്ന് മുതൽ പുതിയ ബലിയർപ്പണ രീതിയിലേക്ക് മാറും. തൃശൂർ അതിരൂപതയിൽ എകീകരിച്ച രീതിക്കെതിരെ വൈദികരുടെ ശക്തമായ എതിർപ്പുണ്ട്.

Story Highlights : syro malabar uniform qurbana rites

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here