മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നു; സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതില്‍ പ്രതികരണവുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഒന്നരമാസക്കാലമായി ഡാം തുറക്കുന്നതും വെള്ളം ഉയരുന്നതും സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. തമിഴ്നാട് സര്‍ക്കാരിനുവേണ്ടി എല്ലാം സമ്മതിച്ചുകൊടുക്കുന്ന സമീപനം ശെരിയല്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി.
‘വിഷയത്തില്‍ സര്‍ക്കാരിന്റെ ഭരണ പരാജയം തന്നെയാണ് സംഭവിച്ചതെന്ന് പറഞ്ഞാല്‍ അതിനെ രാഷ്ട്രീയ വിമര്‍ശനമായി മാത്രം കാണേണ്ടതില്ല. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ തമിഴ്നാടിന് മുന്നില്‍ വെക്കാത്തതാണ് ഇവിടെ പ്രശ്നം. അവര്‍ പറയുന്നതെല്ലാം കേരളം അംഗീകരിച്ചുനല്‍കുകയാണ്’. എംപി പറഞ്ഞു.
മുന്നറിയിപ്പില്ലാതെ ഡാം തുറന്ന തമിഴ്നാടിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വാഴൂര്‍ സോമന് എംഎല്‍എ പ്രതികരിച്ചു. ‘പ്രകോപനം തുടരുകയാണെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. നിലവില്‍ പ്രദേശത്ത് വലിയ ആശങ്കയില്ല. പക്ഷേ മഴ തുടര്‍ന്നാല്‍ സ്ഥിതി വഷളായേക്കും’. എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.
നിലവില്‍ ഡാമിന്റെ തുറന്ന 9 ഷട്ടറുകളും അടച്ചു. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ മാത്രമാണ് നിലവില്‍ തുറന്നിരിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പില്‍ മാറ്റമില്ല. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുകയാണ്. അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രദേശവാസികള്‍ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
Read Also : മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു
പുലര്‍ച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. തീരത്തുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.
Story Highlights : dean kuriakose mp, mullaperiyar dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here