ആൻഡി ഫ്ലവറോ ഡാനിയൽ വെട്ടോറിയോ ലക്നൗ ഫ്രാഞ്ചൈസി പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

ഐപിഎലിലെ പുതിയ ടീമുകളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി ആൻഡി ഫ്ലവറോ ഡാനിയൽ വെട്ടോറിയോ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബ് കിംഗ്സിൻ്റെ സഹ പരിശീലകനും സിംബാബ്‌വെ മുൻ താരവുമായ ഫ്ലവറിന് സാധ്യത കൂടുതലുണ്ടെന്നാണ് സൂചന. പഞ്ചാബ് കിംഗ്സിൻ്റെ മുൻ ക്യാപ്റ്റൻ ലോകേഷ് രാഹുൽ ലക്നൗവിൻ്റെ ക്യാപ്റ്റനായേക്കുമെന്നും രാഹുലിന് ഫ്ലവറുമായി നല്ല ബന്ധമാണ് ഉള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Andy Flower Vettori Lucknow)
ന്യൂസീലൻഡിൻ്റെ മുൻ ക്യാപ്റ്റനായ ഡാനിയൽ വെട്ടോറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മുൻ പരിശീലകനായിരുന്നു. ബാർബഡോസ് റോയൽസിൻ്റെ നിലവിലെ പരിശീലകനും വെട്ടോറിയാണ്. ബംഗ്ലാദേശ് ദേശീയ ടീമിൻ്റെ സ്പിൻ പരിശീലകനായും താരം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇരുവർക്കുമൊപ്പം സൺറൈസേഴ്സിൻ്റെ മുൻ പരിശീലകൻ ട്രെവർ ബെയ്‌ലിസ്, ഇന്ത്യൻ ടീം മുൻ പരിശീലകൻ ഗാരി കേർസ്റ്റൺ എന്നിവരും ലക്നൗ പരിശീലക സ്ഥാനത്ത് പരിഗണിക്കപ്പെടുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
Read Also : നിലനിർത്താൻ കഴിയാത്തവരെ മുംബൈ ലേലത്തിൽ തിരിച്ചുപിടിക്കും: സഹീർ ഖാൻ
ഐപിഎൽ 2022 സീസണു മുന്നോടിയായി ടീം നായകൻ ലോകേഷ് രാഹുലിനെ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, രാഹുലിനെ നിലനിർത്താൻ തങ്ങൾ ശ്രമിച്ചു എന്നും ടീം വിടാൻ താത്പര്യം കാണിച്ചതിനാലാണ് രാഹുലിനെ നിലനിർത്താതിരുന്നത് എന്നുമാണ് ക്ലബിൻ്റെ വെളിപ്പെടുത്തൽ. പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുലിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനായിരുന്നു ശ്രമമെന്ന് ഐപിഎൽ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കുംബ്ലെ പറഞ്ഞു. രണ്ട് വർഷം മുൻപ് രാഹുലിനെ ക്യാപ്റ്റനാക്കിയതുപോലും അത് ലക്ഷ്യം വച്ചാണ്. എന്നാൽ ടീം വിടാനായിരുന്നു രാഹുലിൻ്റെ താത്പര്യമെന്നും കുംബ്ലെ വ്യക്തമാക്കി.
അടുത്ത സീസൺ മുതൽ 10 ടീമുകളാണ് ഉണ്ടാവുക. നിലവിലുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിനു മുൻപ് ടീമിലെത്തിക്കാനാവും. അതേസമയം, ഐപിഎലിൽ ഇനി മുതൽ മെഗാ താര ലേലങ്ങൾ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. 2022 സീസനു മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി മെഗാ ലേലം ഉണ്ടാവില്ലെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 സീസണു മുൻപുള്ള മെഗാ ലേലം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ട്.
Story Highlights : Andy Flower Daniel Vettori Lucknow Coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here