Advertisement

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രോഹിത് ശർമ്മ ടെസ്റ്റ് വൈസ് ക്യാപ്റ്റനായേക്കും

December 4, 2021
Google News 2 minutes Read
Rohit Test vice captain

ഈ മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രോഹിത് ശർമ്മ ടെസ്റ്റ് വൈസ് ക്യാപ്റ്റനായേക്കും. നിലവിലെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെ ബാറ്റിംഗിൽ തുടർച്ചയായി പരാജയപ്പെടുന്നതിനെ തുടർന്നാണ് രോഹിതിനെ ഉപനായകനാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുമെന്നാണ് വിവരം. (Rohit Test vice captain)

ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒരാഴ്ച വൈകിയാവും പര്യടനം ആരംഭിക്കുക. ഡിസംബർ 17ന് ആരംഭിക്കേണ്ടിയിരുന്ന പര്യടനം ഡിസംബർ 26 മുതലാവും ആരംഭിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൂന്ന് ടെസ്റ്റുകൾ ഇന്ത്യ കളിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിൽ നിന്ന് ഒരു ടെസ്റ്റ് ഒഴിവാക്കിയെന്നും സൂചനയുണ്ട്. ഒരു ടി-20 മത്സരവും റദ്ദാക്കിയേക്കും.

Read Also : കോലിയുടെ ഏകദിന ക്യാപ്റ്റൻസിയിൽ തീരുമാനം വരും ദിവസങ്ങളിലെന്ന് റിപ്പോർട്ട്

അതേസമയം, ഏകദിന ടീം ക്യാപ്റ്റനായി വിരാട് കോലി തുടരുമോ എന്നതിൽ തീരുമാനം വരും ദിവസങ്ങളിലെന്ന് റിപ്പോർട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനം ആയേക്കും. കോലിക്ക് പകരം രോഹിത് ശർമ്മ ഏകദിന ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.

മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. 4 ടി-20 മത്സരങ്ങളും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്നു. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിനു ശേഷം ഡിസംബർ 8,9 തിയതികളിലായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്ക് തിരിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, പുതിയ സാഹചര്യത്തിൽ തീരുമാനം വൈകിയേക്കും.

അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അവസാന വാക്ക് കേന്ദ്രസർക്കാരിൻ്റേതെന്ന് ബിസിസിഐ നേരത്തെ നിലപാടെടുത്തിരുന്നു. ആരോഗ്യമന്ത്രാലയം പറയുന്നതെന്തോ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും താരങ്ങളുടെ സുരക്ഷയാണ് ഏറെ പ്രാധാന്യമെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിനാൽ നെതർലൻഡിൻ്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ചിരുന്നു. 3 ഏകദിന മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലൻഡ് ഇന്ന് ആദ്യ മത്സരം കളിച്ചിരുന്നു. മത്സരം മഴ മൂലം ഉപേക്ഷിച്ചു. അടുത്ത മത്സരം ഈ മാസം 28നാണ് തീരുമാനിച്ചിരുന്നത്.

Story Highlights : Rohit Sharma India Test vice captain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here