Advertisement

മുല്ലപ്പെരിയാറിന്റെ 3 ഷട്ടറുകള്‍ അടച്ചു; 8,380 ഘനയടി വെള്ളം പുറത്തേക്കൊഴുകുന്നു

December 6, 2021
1 minute Read
mullaperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു. നിലവില്‍ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. 8,380 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. മുന്നറിയിപ്പ് നല്‍കാതെയാണ് തമിഴ്‌നാട് 9 മണിയോടെ മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകള്‍ തുറന്നത്.

സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ പ്രദേശത്തെ അമ്പതോളം വീടുകളില്‍ വെള്ളം കയറി. വണ്ടിപ്പെരിയാര്‍, ഇഞ്ചിക്കാട്, കടശിക്കാട്, കറുപ്പുപാലം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. ഡാം തുറന്ന നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഈ വര്‍ഷം മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയര്‍ന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണില്‍ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.

കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കിയതോടെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുതെന്ന് പലതവണ കേരളം തമിഴ്നാടിനെ അറിയിച്ചതാണ്. ഈ നടപടി ഒരിക്കലും അംഗീരിക്കാന്‍ കഴിയില്ല. സാഹചര്യം സുപ്രിംകോടതിയെ അറിയിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ മന്ത്രി വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ടു.ആളുകളെ മാറ്റുന്നത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാറിന്റെ ഇരുകരയിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഷട്ടര്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു ധാരണയുമില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി വിമര്‍ശിച്ചു. തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചതുകൊണ്ട് മാത്രം കേരളത്തിലെ മുഖ്യമന്ത്രിയുടെ ചുമതല അവസാനിക്കുന്നില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് നടപടിയെടുക്കാത്തത് എന്നും എംപി ട്വന്റിഫോറിനോട് പ്രതികരിച്ചു.

Read Also : വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ; ഇടുക്കി ഡാം നാളെ തുറക്കും

വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നതോടെ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനമായി. നാളെ രാവിലെ 6ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കും. 40-5- സെ.മീ വരെ ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. പെരിയാറിന്റെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു.

Story Highlights : mullaperiyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top