പുതപ്പിനാൽ പൊതിയാം; ഇല്ലാതായിക്കൊണ്ടിരിക്കുന്ന മഞ്ഞുമലയെ സംരക്ഷിക്കാൻ “പുതപ്പ്”…

നമ്മൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥ വ്യതിയാനം. അതുകൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും ആഗോളതാപനവുമെല്ലാം ഭൂമിയേയും ഭൂമിയിലെ ജീവജാലങ്ങളെയും ദോഷകരമാം വിധം ബാധിച്ചു കഴിഞ്ഞു. അന്റാർട്ടിക്ക പോലുള്ള മഞ്ഞു വീഴ്ചയുള്ള പ്രദേശങ്ങളിലും കനത്ത ഭീഷണിയാണ് കാലാവസ്ഥ വ്യതിയാനം കൊണ്ട് നേരിടുന്നത്. ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ഉയർന്ന താപനില വൻതോതിലുള്ള മഞ്ഞുരുകലിന് കാരണമായിട്ടുണ്ട്. ഇതെല്ലാം നിസ്സാരമായി കാണപ്പെടേണ്ട പ്രശ്നങ്ങളല്ല. ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഗുരുതര പ്രശ്‌നങ്ങളിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നത്. ഇതിനൊരു പരിഹാരം കാണേണ്ടത് അത്യാവശ്യമായ കാര്യമാണ്.
ഇറ്റലിയിലെ മഞ്ഞുരുകലിന് തങ്ങളാൽ കഴിയുന്ന പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇറ്റലിയിലെ ഒരുകൂട്ടം കാലാവസ്ഥ വിദഗ്ധർ. പ്രെസെന മഞ്ഞുമലയിലെ തീവ്രമായ മഞ്ഞുരുക്കമാണ് കുറച്ച് നാളായി നേരിട്ടുകൊണ്ടിരിക്കുന്നത്. മഞ്ഞുരുക്കം സംഭവിക്കുന്ന ഈ മലയെ തുണിവെച്ച് പുതപ്പിക്കാൻ ശ്രമിക്കുകയാണ് വിദഗ്ദർ. ഞെട്ടണ്ട… സംഭവം ഉള്ളതാണ്..
കേൾക്കുമ്പോൾ സാധാരണ തുണിവെച്ച് പൊതിയുകയാണെന്ന് കരുതരുത്. സൂര്യരശ്മികൾ തിരിച്ച് പ്രതിഫലിപ്പിക്കാൻ കഴിവുള്ള തുണിയാണ് പുതപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇതുവഴി വേനൽക്കാലത്തെ മഞ്ഞുരുക്കം തടയാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൂട് ഉള്ളിലേക്ക് പ്രവേശിക്കാതെ തടയാൻ ഇതുവഴി സാധിക്കും. അഞ്ചു മീറ്റർ വീതിയും എഴുപത് മീറ്റർ നീളവുമുള്ള പ്രത്യേകതരം തുണികളാണ് ഇതിനായി ഉപയോഗിക്കുന്നത്. മഞ്ഞുമലയിലെ എഴുപത് ശതമാനം മഞ്ഞും ഇങ്ങനെ സംരക്ഷിക്കാൻ ആകും. പ്രെസെന മലയിലെ 120000 ചതുരശ്ര മീറ്റർ പ്രദേശമാണ് ഇങ്ങനെ സംരക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒരുമാസം കൊണ്ട് ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
കുറെ വർഷങ്ങളായി മഞ്ഞുമലയെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് നടപടികൾ പൂർത്തിയാകുന്നത്. ഇനിയും ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ഗുരുതരമായ സാഹചര്യങ്ങളിലേക്കാവും ഇത് വഴിവെക്കുക. വരും കാലങ്ങളിലേക്കായി ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനുള്ള പഠനങ്ങളും നടന്നു വരുന്നുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here