മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മോതിരം മോഷ്ടിച്ച സംഭവം; പരിശോധിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചയാളുടെ മോതിരം കാണാതായെന്ന മകന്റെ പരാതിയിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാർക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അറിയിച്ചു.
വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഉത്തരവ് നൽകി. ചെമ്പഴന്തി സ്വദേശി കെ അശോക് കുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അശോക് കുമാറിന്റെ പിതാവിന്റെ കൈയിലുണ്ടായിരുന്ന മോതിരമാണ് തിരികെ കിട്ടാത്തത്.
മെഡിക്കൽ കോളജ് പൊലീസിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടി. മരിച്ചയാളുടെ കൈയിൽ നിന്നും മോതിരം ഊരിയെടുക്കാൻ കഴിയാത്തതിനാൽ ഇത് ഉൾപ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. ഈ വിവരം പരാതിക്കാരനെ അറിയിക്കാനും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്താനും ഡ്യൂട്ടി ജീവനക്കാർ വീഴ്ച വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
കൊവിഡായതിനാൽ ആശുപത്രി ജീവനക്കാർക്കൊഴികെ മറ്റാർക്കും മൃതദേഹം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തെളിവില്ലാത്ത സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുക്കുന്നത് അവരുടെ മനോവീര്യം തകർക്കുമെന്നും അപമാനത്തിന് കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്. മോഷണം നടന്നതായി വ്യക്തമായിട്ടും നീതി ലഭ്യമാകാത്തത് സാമാന്യ നീതി നിഷേധമാണെന്ന് പരാതിക്കാരൻ ആരോപിച്ചു.
Story Highlights : human-rights-commission-to-look-into
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here