കര്‍ഷക സമരത്തിന് വിജയം; ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷക സമരത്തിന് വിജയം. കര്‍ഷകര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഉറപ്പുകള്‍ രേഖാമൂലം കേന്ദ്രസര്‍ക്കാര്‍ സംയുക്ത കിസാന്‍ മോര്‍ച്ചാ പ്രതിനിധികള്‍ക്ക് കൈമാറി. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടര്‍ന്നുവന്ന ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ധാരണയായി.
മറ്റ് സംസ്ഥാനങ്ങളിലെ സമരം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. സിംഗുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം പുരോഗമിക്കുകയാണ്. സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരെയായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കം ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തകേസുകള്‍ ഉടന്‍ പിന്‍വലിക്കും. രേഖാമൂലം ഉറപ്പുവേണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു.
പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ സമ്മതമറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മിനിമം താങ്ങുവില സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സമിതിയെ നിയോഗിക്കും. കര്‍ഷക പ്രതിനിധികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും. വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുടെയും അഭിപ്രായം തേടും.
Read Also : മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി
അതേസമയം നിയമപരമായ നടപടികള്‍ തുടരുന്നതിനാല്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതില്‍ കേന്ദ്രം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇതിനെതിരെയുള്ള സമരപരിപാടികളില്‍ യുപി കര്‍ഷക സംഘടനകള്‍ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here