Advertisement

സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അസഹനീയം; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

December 11, 2021
Google News 1 minute Read
arif mohammad khan

സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

‘സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ട്. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.

വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ വിമര്‍ശനം തുടരുകയാണ് ഗവര്‍ണര്‍. തനിക്ക് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയറിയിച്ച് പ്രതിപക്ഷം രംഗത്തെത്തി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചൂണ്ടിക്കാട്ടി.

കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വി സി നിയമനങ്ങളിലാണ് ഗവര്‍ണറുടെ അതൃപ്തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയ ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നു.

Read Also : സർവകലാശാല വിഷയം; അനുനയത്തിന് വഴങ്ങാതെ ഗവർണർ; സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെ സുധാകരൻ

ഇതോടൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കാത്തതും പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നല്‍കാത്തതിനാല്‍ സെര്‍ച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നല്‍കി. ഇതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവര്‍ണര്‍ കത്തില്‍ കുറ്റപ്പെടുത്തി.

Story Highlights : governor, arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here