ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി

ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി. പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയത്. ഡിസംബർ 26ന് ടെസ്റ്റ് പരമ്പര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല. ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വൈകിയാണ് ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ പര്യടനത്തിലെ ടി-20 പരമ്പര മാറ്റിവച്ചിട്ടുണ്ട്. (india team south africa)
വൈസ് ക്യാപ്റ്റനായി ടീമിൽ ഇടം നേടിയ രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായിരുന്നു. ടെസ്റ്റ് പരമ്പരയിൽ രോഹിത് കളിക്കില്ല. പകരം ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചൽ ടീമിൽ ഇടം നേടി. ന്യൂസീലൻഡിനെതിരായ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷർദുൽ താക്കൂർ, ലോകേഷ് രാഹുൽ എന്നിവർ ടീമിലേക്ക് തിരികെയെത്തി. രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ പരുക്കേറ്റ് പുറത്തായി. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ ടീമിൽ തുടരും. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരി ടീമിൽ തിരികെയെത്തി. പരമ്പരയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ ശ്രേയാസ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തി. പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരെ പരിഗണിച്ചില്ല. നവദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചഹാർ, അർസാൻ നഗ്‌വസ്‌വല്ല എന്നിവരാണ് സ്റ്റാൻഡ് ബൈ താരങ്ങൾ.
മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി-20കളുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബർ 17 മുതൽ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബർ എട്ടിനോ ഒൻപതിനോ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമിക്രോൺ ബാധ രൂക്ഷമായതോടെ ഇന്ത്യയുടെ പോക്ക് വൈകുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അവസാന വാക്ക് കേന്ദ്രസർക്കാരിൻ്റേതെന്ന് ബിസിസിഐ നേരത്തെ നിലപാടെടുത്തിരുന്നു. ആരോഗ്യമന്ത്രാലയം പറയുന്നതെന്തോ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും താരങ്ങളുടെ സുരക്ഷയാണ് ഏറെ പ്രാധാന്യമെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.
Story Highlights : india test team arrived south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here