Advertisement

മഞ്ഞുമൂടിയ പാതയോരങ്ങളും തണുത്തുറഞ്ഞ മലകളും; ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ ഇതാണ്!!!

December 18, 2021
Google News 1 minute Read

മഞ്ഞിൽ പൊതിഞ്ഞ ഹിമാചലിന്റെ മണ്ണിലേക്കൊരു യാത്ര എല്ലാ യാത്രാപ്രേമികളുടെയും സ്വപ്നമാണ്. ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നാണ് ഈ സ്വർഗഭൂമി അറിയപ്പെടുന്നത് തന്നെ. ഈ യാത്രയ്ക്കായി മിക്കവരും തെരഞ്ഞെടുക്കാറ് വിന്റർ സീസൺ തന്നെയാണ്. ക്രിസ്മസിന്റെ തണുപ്പും ന്യൂ ഇയറിന്റെ ആഘോഷ രാവുകളും ഹിമാലയൻ മണ്ണിൽ ചിലവിടാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

മഞ്ഞുമൂടിയ പാതയോരങ്ങളും തണുത്തുറഞ്ഞ മലകളും സ്ഫടികചില്ലുപോലെ സുന്ദരമായ തടാകങ്ങളും നമുക്ക് സമ്മാനിക്കുന്നത് മറക്കാനാകാത്ത അനുഭവങ്ങളായിരിക്കും. പ്രകൃതിയുടെ സമ്മാനങ്ങളിൽ മതിമറക്കുന്ന ദിവസങ്ങൾ!!! അതുകൊണ്ട് തന്നെയാണ് ഹിമാചൽ സഞ്ചാരികളുടെ പറുദീസയായത്.

ഇന്ത്യയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന, ഹിമാലയത്തോട് ചേർന്ന് കിടക്കുന്ന, കിഴക്ക് ടിബറ്റിനോടും വടക്കു ജമ്മുകാശ്മീരിനോടും, പടിഞ്ഞാറെ പഞ്ചാബിനോടും അതിർത്തി പങ്കിടുന്ന ഈ ദേവഭൂമിയുടെ സംസ്കാരങ്ങളും ജീവിതരീതിയും പ്രകൃതിയുടെ ഭംഗിയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് “ഹിമാചൽ വിന്റർ കാർണിവൽ” എന്തുകൊണ്ടും സുവർണാവസരമാണ്.

ഹിമാചൽ വിന്റർ കാർണിവൽ

ടൂറിസം, പരമ്പരാഗത കലകൾ, ഭക്ഷണം, സാംസ്കാരിക പൈതൃകം, സംസ്ഥാനത്തിന്റെ മനോഹാരിത എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹിമാചൽ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന സംസ്ഥാന തലത്തിലുള്ള ഉത്സവമാണ് ഹിമാചൽ വിന്റർ കാർണിവൽ. വർഷങ്ങൾ കൂടുംതോറും വിന്റർ കാർണിവൽ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. നാല് പതിറ്റാണ്ടുകളായി ആഘോഷിച്ചുവരുന്ന ഹിമാചൽ വിന്റർ കാർണിവൽ 1977 ലാണ് ആരംഭിച്ചത്. അന്നത്തെ ഹിമാചൽ മുഖ്യമന്ത്രിയായിരുന്ന ഡോ. വൈ. എസ്. പർമാറാണ് കാർണിവൽ ഉദ്ഘാടനം ചെയ്തത്. ഹിമാചലിന്റെ സാംസ്കാരിക പൈതൃകവും മണാലിയുടെ പ്രകൃതി ഭംഗിയും അടുത്തറിയാൻ നല്ലൊരു അവസരമാണ് വിന്റർ കാർണിവൽ ഒരുക്കുന്നത്.

കലാവിരുന്ന്

അതിമനോഹരമായി പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന പരേഡിലാണ് കാർണിവൽ ആരംഭിക്കുന്നത്. ടീമുകളായാണ് ആളുകൾ ഇതിൽ പങ്കെടുക്കാറ്. ഏറ്റവും നന്നായി അവതരിപ്പിക്കുന്നവരെ വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്യും.കാർണിവലിൽ മറ്റൊരു പ്രധാന ആകർഷണമാണ് സ്കീയിംഗ്. അതും മത്സരമായാണ് നടത്താറ്. ഈ ഉത്സവവേളയിൽ നഗരം മുഴുവനും സ്കീയിങ് പ്രേമികളാൽ നിറയും. അതിശയവും ആവേശഭരിതവും നിറഞ്ഞ നിമിഷങ്ങളാണിത് സമ്മാനിക്കുന്നത്. ചുറ്റും സംഗീതവും നൃത്തവും തത്സമയ സംഗീത കച്ചേരികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത, നൃത്ത മത്സരങ്ങളും നിങ്ങൾക്ക് അവിസ്മരണീയമായ വിരുന്നൊരുക്കും.

കൂടാതെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഗോട്ട് ടാലന്റ് ഷോയും വിന്റർ ക്വീൻ മത്സരവും കാർണിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വ്യക്തികളുടെ കഴിവുകൾ പ്രോത്സാപ്പിക്കാനും പ്രദർശിപ്പിക്കാനും നല്ലൊരു വേദി ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. മണാലിയുടെ പരമ്പരാഗത കലകളുടെയും കരകൗശല വസ്തുക്കളുടെയും മികച്ച ശേഖരം ഉൾക്കൊള്ളുന്ന ക്രാഫ്റ്റ് ബസാർ, കൈകൊണ്ട് നെയ്ത തൊപ്പികൾ. മരങ്ങൾ കൊണ്ടും തകിടുകൾ കൊണ്ടും നിർമ്മിച്ച കരകൗശല വസ്തുക്കൾ എന്നിവയും കാർണിവലിൽ പ്രധാന ആകർഷണമാണ്.

Read Also : ലോകത്തെ തന്നെ അഞ്ചാമത്തെ വലിയ ഭൂഖണ്ഡം; അറിയാം അന്റാർട്ടികയുടെ വിശേഷങ്ങൾ…

രുചി

യാത്ര പൂർണമകണമെങ്കിൽ പ്രകൃതി ഭംഗിയോളം പ്രാധാന്യം ഭക്ഷണത്തിനുമുണ്ട്. യാത്രയിൽ ഏറ്റവും പ്രധാനം തന്നെയാണ് ആ പ്രദേശത്തെ രുചികൾ അടുത്തറിയേണ്ടത്. അങ്ങിനെയെങ്കിൽ ഹിമാചലിലേക്കുള്ള മടങ്ങിവരവിന് ഒരു കാരണം കൂടെ കാർണിവൽ നമുക്ക് സമ്മാനിക്കും. ‘ഹിമാചലി ഫുഡ് ഫെസ്റ്റിവൽ’. കാർണിവലിൽ ഒഴിച്ചുകൂടാനാകാത്ത ഘടകം തന്നെയാണ് ഹിമാചലി ഫുഡ് ഫെസ്റ്റിവൽ.

മഞ്ഞുമൂടിയ മലനിരകൾക്കിടയിൽ ഹിമകണങ്ങളോടൊപ്പമുള്ള നിങ്ങളുടെ യാത്രയുടെ മാറ്റുകൂട്ടാൻ വിന്റർ കാർണിവൽ സഹായകമാകും.

Story Highlights : Interesting facts about Himachal Winter Carnival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here