വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെ; പ്രതിക്ക് മാനസിക വൈകല്യമെന്ന് പൊലീസ്

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സർക്കാർ ഓഫീസുകളിലും ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടത്തിലും തീയിട്ടത് ഇയാൾ തന്നെയാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് പറയുന്നു.
ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിക്കുന്നുണ്ട്. ഇതിനു മുൻപും ഇയാൾ ചില കെട്ടിടങ്ങളിൽ തീവച്ചിരുന്നു. ആ ദൃശ്യങ്ങൾ കൂടി പരിഗണിച്ചാണ് പൊലീസ് സതീഷിലേക്കെത്തിയത്. സ്റ്റേഷനുള്ളിൽ വച്ച് തന്നെ ഇയാൾ ബഹളം വച്ചിരുന്നു.
വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎൽഎ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. മുമ്പ് ശുചിമുറിയിൽ നടന്ന തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ തീപിടുത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കിൽ വലിയ തീപിടുത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചിരുന്നു.
Story Highlights : vadakara taluk office fire update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here