Advertisement

കണ്ണൂർ വി.സി വിവാദം; പ്രോ ചാൻസലറുടെ നിർദേശം സ്വീകരിക്കാനും നിരാകരിക്കാനും ചാൻസലർക്ക് അധികാരമുണ്ടെന്ന് മന്ത്രി

December 19, 2021
2 minutes Read
r bindu about kannur vc controversy

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. ചാൻസലർക്ക് കത്തയച്ചത് സ്വാഭാവിക നടപടിയാണെന്നും, പ്രോ ചാൻസലറുടെ നിർദേശം സ്വീകരിക്കാനും നിരാകരിക്കാനും ചാൻസലർക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ തുടരുന്ന വിവാദം അനാവശ്യമാണെന്നും ഡോ.ആർ ബിന്ദു വ്യക്തമാക്കി. ( r bindu about kannur vc controversy )

പ്രോചാൻസലറും ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാധ്യമങ്ങളിലൂടെ സംവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്, പ്രോചാൻസലറെന്ന നിലക്കുള്ള നിലപാട് വ്യക്തമാക്കിയതാണെന്നാണ് മന്ത്രിയുടെ വിശദീകരണം. കൂടാതെ, ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

പ്രോചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി വൈസ് ചാൻസലർ നിയമനത്തിൽ ഇടപെടൽ നടത്തിയെന്ന നിലയിൽ ചിലർ പ്രചാരണം തുടരുന്നത് സർവ്വകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോചാൻസലർ എന്ന നിലയിലുള്ള അധികാരം സംബന്ധിച്ചോ മനസ്സിലാകാതെയാണെന്നും മന്ത്രി പറയുന്നു. സർവ്വകലാശാലയുടെ ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണ്. ഇതുകൊണ്ടുതന്നെ പ്രോചാൻസലർ എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് സർവ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാൻസലറെ കത്തു മുഖേന അറിയിക്കാം. സർവ്വകലാശാലാനിയമത്തിൽ പ്രോചാൻസലർ പദവി പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

Read Also : കാവി വത്കരണം അല്ല, ഗോൾവാക്കറും സവർക്കറും എന്തെന്ന് വിദ്യാർത്ഥികൾ അറിയണം; കണ്ണൂർ സർവകലാശാല വി.സി

പ്രോചാൻസലർ എന്തെങ്കിലും നിർദ്ദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാൻസലർ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ഗവർണർ, ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനർനിയമനം പൂർണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആർക്കും അറിയാവുന്നതാണെന്നും മന്ത്രി ആർ ബിന്ദു പറയുന്നു. നിയമനത്തിൽ അപാകതയൊന്നുമില്ലെന്ന് കോടതിതന്നെ പറയുകയും ചെയ്തു. എന്നിട്ടും വിവാദം തുടരുന്നത് അപലപനീയമാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : r bindu about kannur vc controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top