ഓസ്ട്രേലിയയിൽ വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കുന്നു

ഓസ്ട്രേലിയയിൽ വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കുന്നു. ഒപ്പം ആളില്ലാതെ പൂച്ചകളെ പുറത്ത് വിടാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനാണ് ശ്രമം. ഫ്രീമാൻ്റിൽ, വെസ്റ്റേൺ ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ ഈ നിയമം നടപ്പിലാക്കിയേക്കും. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
കൗൺസിൽ അംഗങ്ങൾ നിയമത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു നിയമം കൊണ്ടുവരുന്നത് വഴി പൂച്ചകളെ കാറിടിക്കുന്നത് ഒഴിവാക്കാനാവുമെന്ന് കൗൺസിലർ എഡിൻ ലാംഗ് പറഞ്ഞതായി പെർത്ത് നൗ റിപ്പോർട്ട് ചെയ്തു.
“1970കളിൽ നായകളാണ് ഇങ്ങനെ തെരുവിൽ അലഞ്ഞുനടന്നിരുന്നത്. അതുപോലെ പൂച്ചകൾ തെരുവിൽ അലഞ്ഞുനടക്കുന്നതും ഭൂതകാലമാകുമെന്ന് കരുതുന്നു. പൂച്ചകളെ നിരോധിച്ച ചില പുൽമേടുകളുണ്ട്. എന്നിട്ടും അവർ അവിടെ പ്രവേശിക്കുന്നു. പുൽമേടുകളിലും മറ്റ് ചെറിയ പൂന്തോട്ടങ്ങളിലും ചെറുജീവികളുണ്ട്. ഇവയെ പൂച്ചകളിൽ നിന്ന് സംരക്ഷിക്കുകയും പ്രധാനമാണ്. ഇത് ചെറുജീവികളെ പൂച്ചകളിൽ നിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയും, പൂച്ചകളെ കാർ ഇടിക്കുന്നതിൽ നിന്നും മറ്റ് പൂച്ചകളുമായി അടികൂടുന്നതിൽ നിന്നും സംരക്ഷിക്കാനുമുള്ള നിയമമാണ്.”- അദ്ദേഹം പറഞ്ഞു.
പൂച്ചകളെ വീട്ടിൽ തന്നെ നിർത്തണമെന്ന് കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു. വളർത്തുപൂച്ചകൾ കറങ്ങിനടക്കുന്നത് അവരുടെ ആയുസ് ചുരുക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇങ്ങനെ കറങ്ങിനടക്കുന്ന പൂച്ചകൾ 30 ശതമാനത്തിലധികം ചെറു ജീവികളെ കൊല്ലുന്നു എന്നും കൗൺസിൽ പറഞ്ഞു. ആറ് ആഴ്ചകൾക്കുള്ളിൽ നിയമം നിലവിൽ വന്നേക്കും.
Story Highlights : Australia ban cats outside
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here