മമ്മൂട്ടിയുടെ ‘കാഴ്ച’ നേത്ര ചികിത്സാ പദ്ധതി; മൂന്നാം ഭാഗത്തിന് തുടക്കമായി

കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കാഴ്ച്ച 3 2k21’ സൗജന്യ നേത്ര ചികിത്സാ പദ്ധതി നിലവില്‍ വന്നു. നടന്‍ മമ്മൂട്ടിയുടെ ജീവ കാരുണ്യ സംരംഭമാണ് കെയര്‍ ആന്‍ഡ് ഷെയര്‍.
മുതിര്‍ന്നവര്‍ക്കായി അര ലക്ഷം സൗജന്യ നേത്ര പരിശോധനകള്‍, അര ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്കായി സൗജന്യ നേത്ര പരിശോധന, അയ്യായിരം സൗജന്യ തിമിര ശസ്ത്രക്രിയ, അന്‍പത് നേത്ര പടലം മാറ്റിവക്കല്‍ ശസ്ത്രക്രിയ, അര്‍ഹതപെട്ടവര്‍ക്ക് സൗജന്യമായി കണ്ണട ലഭ്യമാക്കല്‍ എന്നിവ ലക്ഷ്യമിടുന്നതാണ് പദ്ധതി. നേത്ര ചികിത്സ ക്യാമ്പുകള്‍ വഴിയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ക്യാമ്പുകള്‍ നടത്താന്‍ പ്രാപ്തിയുള്ള സംഘടനകള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ മുന്നോട്ട് വരാമെന്ന് മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
2005ഇല്‍ ആണ് ആദ്യമായി പദ്ധതി ആരംഭിക്കുന്നത്. നൂറു കണക്കിന് നേത്ര ചികിത്സ ക്യാമ്പുകള്‍ കേരളത്തിലും ലക്ഷദ്വീപിലുമായി നടത്തി ആയിരക്കണക്കിന് രോഗികള്‍ക്ക് സഹായമായ പദ്ധതി ഒരു വര്‍ഷം കൊണ്ട് ലക്ഷ്യം കണ്ടിരുന്നു. പ്രശസ്ത നേത്ര രോഗ വിദഗ്ദന്‍ ഡോ ടോണി ഫെര്‍ണാഡ്ഡസുമായി ചേര്‍ന്ന് 2015 ഇല്‍ കാഴ്ച്ച രണ്ടാം ഘട്ടവും ആരംഭിച്ചു. ആ പദ്ധതിയും ചുരുങ്ങിയ സമയം കൊണ്ട് വന്‍ വിജയമായിരുന്നു.
Read Also : ’15 ദിവസം മുൻപ് എനിക്കൊപ്പം അഭിനയിച്ചയാളാണ് ‘; വ്യക്തിപരമായും ഏറെ നഷ്‍ടമുണ്ടാക്കുന്ന വേർപാട്; മമ്മൂട്ടി
ഒരു വ്യക്തിയുടെ പേരില്‍ നടത്തിയ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതിയായിട്ടാണ് കാഴ്ച അറിയപ്പെടുന്നത്. കേരളത്തിലെ സ്വകാര്യമേഖലയില്‍ ആരംഭിച്ച നേത്രബാങ്കായ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലെ നേത്ര ബാങ്കിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചാണ് ഇക്കുറി കാഴ്ച വീണ്ടും അവതരിക്കുന്നത്.
Story Highlights : mammootty, care and share