Advertisement

വിജയ് ഹസാരെ ട്രോഫി; കർണാടകയെ തകർത്ത് തമിഴ്നാട് സെമിയിൽ

December 21, 2021
2 minutes Read
tamilnadu karnataka vijay hazare

വിജയ് ഹസാരെ ട്രോഫിയിൽ കരുത്തരായ കർണാടകയെ തകർത്ത് തമിഴ്നാട് ഫൈനലിൽ. 151 റൺസിനാണ് തമിഴ്നാടിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 354 റൺസെടുത്ത തമിഴ്നാട് കർണാടകയെ 203 റൺസിനു പുറത്താക്കി. തമിഴ്നാടിനു വേണ്ടി നാരായൺ ജഗദീശൻ സെഞ്ചുറി നേടിയപ്പോൾ ആർ സിലമ്പരസൻ നാല് വിക്കറ്റ് സ്വന്തമാക്കി. (tamilnadu karnataka vijay hazare)

ബാപ അപരാജിത്ത് (13) വേഗം മടങ്ങിയതിനു ശേഷം രണ്ടാം വിക്കറ്റിൽ ജഗദീശനും ആർ സായ് കിഷോറും ചേർന്ന് കർണാടകയെ തല്ലിച്ചതച്ചു. ഇരുവരും ചേർന്ന് 147 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടുയർത്തി. സായ് കിഷോർ (61) മടങ്ങിയതിനു ശേഷമെത്തിയ ദിനേശ് കാർത്തിക് ടി-20 ശൈലിയിൽ ബാറ്റ് ചെയ്ത് വേഗത്തിൽ സ്കോർ ഉയർത്തി. ഇതിനിടെ 101 പന്തുകളിൽ 102 റൺസെടുത്ത ജഗദീശൻ മടങ്ങി. കാർത്തികും (37 പന്തിൽ 44) വിജയ് ശങ്കറും (3) വേഗം മടങ്ങിയെങ്കിലും ഷാരൂഖ് ഖാനും ബാബ ഇന്ദ്രജിത്തും ചേർന്ന് സ്കോർ ഉയർത്തി. എന്നാൽ, 24 പന്തിൽ 31 റൺസെടുത്ത ഇന്ദ്രജിത്ത് പുറത്തായതിനു പിന്നാലെ തമിഴ്നാടിന് ബാറ്റിംഗ് തകർച്ച നേരിട്ടു. വാഷിംഗ്ടൺ സുന്ദറും മണിമാരൻ സിദ്ധാർത്ഥും റണ്ണൊന്നുമെടുക്കാതെ മടങ്ങി. ഒരറ്റത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷാരൂഖ് ഖാൻ ആണ് തമിഴ്നാടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. താരം 39 പന്തിൽ 79 റൺസ് നേടി പുറത്താവാതെ നിന്നു.

Read Also : വിജയ് ഹസാരെ: സച്ചിൻ ബേബിയ്ക്ക് ഫിഫ്റ്റി; ഛണ്ഡീഗഡിനെതിരെ കേരളത്തിനു ജയം

മറുപടി ബാറ്റിംഗിൽ കർണാടകയ്ക്ക് ദേവ്‌ദത്ത് പടിക്കലിനെ (0) വേഗം നഷ്ടമായി. വിജയലക്ഷ്യം ചെറുതല്ലാത്തതുകൊണ്ട് തന്നെ കർണാടകയ്ക്ക് ആക്രമിച്ച് കളിക്കേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. 6 താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ആർക്കും മികച്ച ഇന്നിംഗ്സ് കളിക്കാനായില്ല. മനീഷ് പാണ്ഡെ (9) നിരാശപ്പെടുത്തിയപ്പോൾ ശ്രീനിവാസ് ശരത് (43) ആണ് കർണാടകയുടെ ടോപ്പ് സ്കോറർ ആയത്. അഭിനവ് മനോഹർ (34), കൃഷ്ണമൂർത്തി സിദ്ധാർത്ഥ് (29) എന്നിവരും കർണാടകയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി. തമിഴ്നാടിൻ്റെ സിലമ്പരസൻ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ 3 വിക്കറ്റ് സ്വന്തമാക്കി.

മറ്റൊരു മത്സരത്തിൽ യുപിയെ അഞ്ച് വിക്കറ്റിന് കീഴടക്കി ഹിമാചൽ പ്രദേശും സെമിയിലെത്തി. ഉത്തർപ്രദേശ് മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം 45.3 ഓവറിൽ ഹിമാചൽ പ്രദേശ് മറികടന്നു.

Story Highlights : tamilnadu won karnataka vijay hazare trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top