Advertisement

സ്വന്തം നിലപാട് എന്നും ധൈര്യ പൂര്‍വം വിളിച്ചുപറഞ്ഞ വ്യക്തി; പി.ടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കള്‍

December 22, 2021
Google News 2 minutes Read
pt thomas

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മന്ത്രിമാര്‍. പി.ടിയുടെ നിലപാട് അദ്ദേഹത്തെ എന്നും വേറിട്ടുനിര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓര്‍മിച്ചു.

സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകള്‍ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു പി.ടിയെന്ന് മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

പിടി ഇടുക്കിയുടെ എംപി ആയിരുന്നപ്പോഴും പിന്നീടും വര്‍ഷങ്ങളോളം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചതാണ് അദ്ദേഹത്തോടൊപ്പമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓര്‍മിച്ചു. ‘അന്നത്തെ ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. പിടിയുടെ അകാല വേര്‍പാട് താങ്ങാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍വേശ്വരന്‍ കരുത്ത് പകരട്ടെ’. മന്ത്രി പറഞ്ഞു.

കേരള നിയമസഭയിലെ കരുത്തുറ്റ ശബ്ദമായിരുന്നു പി.ടി എന്ന് റവന്യുമന്ത്രി കെ രാജന്‍ കുറിച്ചു. ‘ഏത് വിഷയവും വിശാലമായി പഠിച്ച് അവതരിപ്പിച്ചിരുന്ന മികച്ച പാര്‍ലിമെന്റേറിയാനാണ് അദ്ദേഹം. പരിസ്ഥിതി വിഷയത്തിലുള്‍പ്പെടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാടുകളുയര്‍ത്തിയ അദ്ദേഹത്തിന്റെ പോരാട്ടം കേരളം ശ്രദ്ധിച്ചതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് റവന്യു വകുപ്പില്‍ പുതിയതായി ആരംഭിച്ച ജില്ലാ റവന്യു അസംബ്ലി എന്ന പരിപാടിയില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് പി.ടി യുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നത്. അത്തരത്തില്‍ മികവുറ്റ രീതിയില്‍ പാര്‍ലിമെന്ററി രംഗത്തെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോയ അദ്ദേഹത്തിന്റെ വിയോഗം കേരള നിയമസഭയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്. മന്ത്രി അനുസ്മരിച്ചു.

Read Also : പി.ടിയുടെ വിയോഗം നാടിനാകെ നഷ്ടം’; അനുസ്മരിച്ച് സ്പീക്കര്‍ എംബി രാജേഷ്

‘തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്’. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പി ടി തോമസ് എംഎല്‍എയുടെ അകാല വേര്‍പാട് വേദനയുളവാക്കുന്നതാണെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായി കെ കെ ശൈലജ ഓര്‍മിച്ചു.

ഇന്ന് രാവിലെ 10.15ഓടെയാണ് പി ടി തോമസ് എംഎല്‍എയുടെ വിയോഗം. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ 70 വയസിലാണ് അന്ത്യം. സംസ്‌കാരം നാളെ നടക്കും.

Story Highlights : pt thomas mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here