Advertisement

നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന ബിൽ ഇന്ന് കർണാടക നിയമസഭയിൽ ചർച്ചയ്ക്കെത്തും

December 22, 2021
2 minutes Read
religious conversion bill karnataka

നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ ഇന്ന് നിയമസഭയിൽ ചർച്ചയ്ക്കെത്തും. പ്രതിപക്ഷ എതിർപ്പിനെയും പ്രതിഷേധത്തെയും തുടർന്നാണ് ഇന്ന് ബില്ല് ചർച്ചയ്ക്കെടുക്കാൻ സ്പീക്കർ വിശ്വേശര കെഗേരി നിർദ്ദേശം നൽകിയത്. ബില്ല് കീറിയെറിയുമെന്നാണ് കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ അറിയിച്ചത്. അതുകൊണ്ടുതന്നെ സഭ ഇന്ന് പ്രക്ഷുബ്ധമാകും. ജെഡിഎസും ബില്ലിനെ എതിർക്കും. എന്നാൽ ബിജെപിയ്ക്ക് ഭൂരിപക്ഷമുള്ള നിയമസഭയിൽ ബില്ല് പാസാകും. അതേസമയം, ഒരു സീറ്റിന്റെ ഭൂരിപക്ഷം കുറവുള്ള നിയമനിർമാണ കൗൺസിലിൽ ജെഡിഎസ് സഹായത്തോടെ മാത്രമെ ബില്ല് പാസാക്കിയെടുക്കാൻ പറ്റു. നിലവിൽ കൗൺസിലിൽ സഹകരിച്ചു പോകുന്നതിനാൽ ജെഡിഎസ് സഹായിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്ക് ഉള്ളത്. ബില്ലിന് എതിരെ ഇന്ന് രാവിലെ 11.30 ന് സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരു നഗരത്തിൽ റാലി നടക്കും. (religious conversion bill karnataka)

Read Also : നിർബന്ധിത മതപരിവർത്തനെതിരായ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക

നിർബന്ധിതമായി മതപരിവർത്തനം നടത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരിക്കും അത്. നിർബന്ധിച്ചോ, സമ്മർദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും.

മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം. ജനറൽ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ, 25,000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമാണ്. പ്രായപൂർത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷം, സ്ത്രീകൾ, എസ്‌സി/എസ്ടി എന്നീ വിഭാഗത്തിൽപ്പെട്ടവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കുകയും, 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. മതപരിവർത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലിൽ വകുപ്പുകളുണ്ട്.

നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മതം മാറാൻ താത്പര്യമുള്ളവർ ജില്ലാ മജിസ്‌ട്രേറ്റിന് മുൻപാകെ അപേക്ഷ സമർപ്പിക്കണം. മജിസ്‌ട്രേറ്റ്, പൊലീസ് എന്നിവരുടെ അന്വേഷണത്തിൽ നിർബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാൽ അപേക്ഷ നൽകി രണ്ട് മാസത്തിന് ശേഷം മതം മാറാനുള്ള അനുമതി ലഭിക്കും.

Story Highlights : religious conversion bill karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top