കുറുക്കൻ മൂലയിലിറങ്ങിയ കടുവ; 25ആം ദിവസം

വയനാട് കുറുക്കൻ മൂലയിൽ നാട്ടിലിറങ്ങിയ കടുവയ്ക്കായി വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കുറുക്കൻമൂലയോട് ചേർന്നുള്ള മുട്ടൻകരയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇന്നലെ മുഴുവൻ ഈ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവ നാട്ടിലിറങ്ങിയിട്ട് 24 ദിവസം പിന്നിടുകയാണ്. എന്നാൽ കഴിഞ്ഞ ആറ് ദിവസമായി കടുവ വളർത്തു മൃഗങ്ങളെ ആക്രമിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കുങ്കി ആനയുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. മുറിവേറ്റതിനാൽ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്.
അതേസമയം വനംവകുപ്പിന്റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു. നഗരസഭ കൗൺസിലറും വനപാലകരും തമ്മിലായിരുന്നു കയ്യാങ്കളി. തർക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽ നിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥലത്തെത്തിയ മാനന്തവാടി എംഎൽഎ ഒ.ആർ.കേളു വനംവകുപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Story Highlights : tiger kurukkan moola 26th day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here