ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മലയാളി താരങ്ങൾ ഗോകുലം കേരളയിലേക്ക്

കേരള ബ്ലാസ്റ്റേഴ്സിൻ്റെ രണ്ട് മലയാളി താരങ്ങൾ ഗോകുലം കേരളയിലേക്ക്. മുൻണേറ്റ താരം വിഎസ് ശ്രീക്കുട്ടനും പ്രതിരോധ താരം അബ്ദുൽ ഹക്കുവുമാണ് ഗോകുലം കേരളയുടെ ഭാഗമാവുന്നത്. ഇരുവരും വായ്പാടിസ്ഥാനത്തിലാവും കളിക്കുക. ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചു.
ഡ്യുറൻഡ് കപ്പിലും പ്രീസീസൺ പോരാട്ടങ്ങളിലും മികച്ച പ്രകടനം നടത്തിയ ശ്രീക്കുട്ടൻ ഐഎസ്എലിനുള്ള ടീമിൽ ഇടം പിടിയ്ക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇതോടെ ശ്രീക്കുട്ടൻ റിസർവ് ടീമിലേക്ക് മടങ്ങിയിരുന്നു. ഹക്കു ആവട്ടെ, ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചതിനു ശേഷമാണ് ഗോകുലത്തിലേക്ക് പോകുന്നത്.
അതേസമയം, തുടർച്ചയായ രണ്ട് ജയങ്ങളുമായി ബ്ലാസ്റ്റേഴ്സ് തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി പെരേര ഡിയാസ്, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ എന്നിവർ ഗോൾ നേടി.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിലേക്ക് എത്തി. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. രണ്ടാം സ്ഥാനത്തുള്ള ജാംഷഡ്പൂർ എഫ്.സിക്കും പന്ത്രണ്ട് പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള മുംബൈ സിറ്റി എഫ്‌സിക്ക് പതിനഞ്ച് പോയിന്റാണ്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം തുടർച്ചയായി ആറുമത്സരങ്ങൾ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്.
Story Highlights : 2 kerala blasters players to gokulam kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here