Advertisement

ഒമിക്രോണ്‍ വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

December 23, 2021
Google News 1 minute Read
omicron

രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. നിലവില്‍ ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഡല്‍ഹിയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അവശ്യമരുന്നുകളുടെ സ്‌റ്റോക്ക് ഉറപ്പാക്കാനും മെഡിക്കല്‍ ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത കൊവിഡ് ദുരിതാശ്വാസ പാക്കേജിന്റെ വിനിയോഗത്തിന്റെ സ്ഥിതിയും പ്രധാനമന്ത്രി യോഗത്തില്‍ അവലോകനം ചെയ്യും.

ഇന്ത്യയില്‍ ബുധനാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം 250 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം ചേരുന്നത്. നിലവില്‍ രാജ്യ തലസ്ഥാനത്തും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിക്ക് പുറമേ കര്‍ണാടകയിലും മുംബൈയിലും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also : കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

കൊവിഡ് വൈറസിന്റെ വകഭേദമായ ഡെല്‍റ്റ വേരിയന്റിനെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ഒമിക്രോണിന് വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ ആഘോഷങ്ങളിലും മറ്റ് ചടങ്ങുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story Highlights : omicron, Narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here