ജർമനിയിലെ മരത്തിൽ ഉപ്പിലിട്ടതും ദക്ഷിണാഫ്രിക്കയിലെ പുഴു ഫ്രൈയും; വിചിത്രമായ ക്രിസ്മസ് ആചാരങ്ങൾ

നാളെയാണ് ക്രിസ്മസ്. ലോകമെമ്പാടും ആഘോഷങ്ങളിൽ മുഴുകുന്ന ദിനം. ക്രിസ്തുമസ് ട്രീയും വൈനും കേക്കും പിന്നെ കരോളുമൊക്കെയാണ് നമുക്ക് ക്രിസ്തുമസ്. എന്നാൽ, ഇതല്ലാതെ വിചിത്രമായ ആഘോഷങ്ങൾ നടത്തുന്ന രാജ്യങ്ങളുമുണ്ട്. നന്നായി പെരുമാറാത്ത കുട്ടികളെ ശിക്ഷിക്കാനെത്തുന്ന സാൻ്റ മുതൽ പുഴു ഫ്രൈ വരെ ആഘോഷങ്ങളിൽ ഉൾപ്പെടുന്നു. (Unusual Christmas Traditions World)
ഓസ്ട്രിയയിലെ ബാഡ് സാൻ്റ
ഓസ്ട്രിയയിലെ സാൻ്റാക്ലോസ് നമ്മൾ പരിചയിച്ച സാൻ്റാക്ലോസല്ല. അവിടെ സാൻ്റ പൈശാചിക രൂപമായ ക്രാമ്പസാണ്. മോശമായി പെരുമാറുന്ന കുട്ടികളെയും തിരഞ്ഞ് അവർ തെരുവിൽ അലഞ്ഞ് നടക്കും. ഓസ്ട്രിയയിലെ തെരുവുകളിൽ കുട്ടികളെയും മുതിർന്നവരെയുമൊക്കെ ഭയപ്പെടുത്തിയാണ് ഇവർ നടക്കുന്നത്. ഇവരെല്ലാവരും ഒരുമിച്ചുള്ള ക്രാമ്പസ് പരേഡും ഇവിടെ നടക്കാറുണ്ട്.
ഉക്രൈനിലെ ചിലന്തിവല
നക്ഷത്രത്തിനും മറ്റ് അലങ്കാരങ്ങൾക്കുമൊപ്പം ഉക്രൈനിൽ മറ്റൊരു വസ്തു കൂടി പ്രത്യക്ഷപ്പെടാറുണ്ട്, ചിലന്തിവല. ഒരു നാടോടിക്കഥയിൽ നിന്നാണ് ഉക്രൈനിൽ ഈ ആചാരം ആരംഭിച്ചത്.
ഒരിടത്തൊരിടത്ത് ഒരു വിധവയായ സ്ത്രീയുണ്ടായിരുന്നു. പണമില്ലാത്തതിനാൽ തൻ്റെ മക്കൾക്ക് വേണ്ടി ക്രിസ്മസ് ട്രീ അലങ്കരിക്കാൻ അവർക്ക് സാധിച്ചില്ല. ആ വീട്ടിലെ ചിലന്തികൾ അവരുടെ ഈ സങ്കടം കണ്ടു. അവർ മരത്തിൽ മനോഹരമായ വലകൾ നെയ്തു. ഇതാണ് കഥ. ചിലന്തിവലകൾ ഭാഗ്യത്തിൻ്റെ ലക്ഷണമായാണ് ഉക്രൈൻ ജനത കണക്കാക്കുന്നത്.
ജപ്പാനിലെ കെഎഫ്സി ക്രിസ്മസ് സദ്യ
കെഎഫ്സിയും ക്രിസ്മസുമായി എന്ത് ബന്ധം. കെഎഫ്സി അപ്പൂപ്പനും സാൻ്റാക്ലോസും തമ്മിൽ കാഴ്ചക്കുള്ള ചെറിയ ഒരു സാമ്യത മാറ്റിനിർത്തിയാൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. എന്നാൽ, ജപ്പാനിൽ അങ്ങനെയല്ല. ക്രിസ്മസും കെഎഫ്സിയുമായി അവിടെയുള്ളത് അഭേദ്യമായ, 47 വർഷമായി തുടരുന്ന ബന്ധമാണ്.
1974ൽ കെഎഫ്സി ജപ്പാൻ ഒരു മാർക്കറ്റിംഗ് ക്യാമ്പയിൻ പുറത്തിറക്കിയിരുന്നു. ‘കെൻ്റുക്കി ഫോർ ക്രിസ്മസ്’ എന്നതായിരുന്നു ആ പരസ്യവാചകം. ദൈവത്തിൻ്റെ അശരീരിയെന്ന് തെറ്റിദ്ധരിച്ചണോ എന്നൊന്നും അറിയില്ല. പക്ഷേ, ജപ്പാൻകാർ ഈ പരസ്യവാചകം അങ്ങനെ തന്നെ സ്വീകരിച്ചു. അന്നുമുതൽ ജപ്പാൻകാരുടെ ക്രിസ്മസ് തലേന്നുള്ള ഭക്ഷണം കെഎഫ്സിയിൽ നിന്നാണ്.
ജർമനിയിലെ മരത്തിൽ ഉപ്പിലിട്ടത്
16ആം നൂറ്റാണ്ട് മുതൽ ആരംഭിച്ച ഒരു പതിവുണ്ട് ജർമനിയിൽ. വീട്ടിലെ ക്രിസ്മസ് മരം അലങ്കരിക്കുമ്പോൾ അതിൽ ഉപ്പിലിട്ട എന്തെങ്കിലും ഭക്ഷണസാധനം തൂക്കിയിടും. അത് ഒളിപ്പിച്ചാണ് തൂക്കിയിടേണ്ടത്. വീട്ടിലെ മറ്റുള്ളവർക്ക് മരത്തിൽ ഇത് തിരയാം. കണ്ടുപിടിക്കുന്നയാൾക്ക് സമ്മാനം. മരത്തിൽ ഉപ്പിലിട്ട ആചാരം സ്പെയിനിൽ നിന്നെത്തിയതാണെന്ന അഭിപ്രായവുമുണ്ട്.
വെനിസ്വേലയിലെ കൂട്ട സ്കേറ്റിംഗ്
വെനിസ്വേലൻ തലസ്ഥാനമായ കാർകസിൽ ആളുകൾ ക്രിസ്മസ് രാവിലെ പള്ളിയിലെത്തുന്നത് റോളർ സ്കേറ്റ് ചെയ്താണ്. ഇത്രയധികം ആളുകൾ ഒരുമിച്ച് സ്കേറ്റിംഗിനിറങ്ങുന്നതിനാൽ പല റോഡുകളും 8 മണിയാകുമ്പോഴേക്കും നിറയും. ആ സമയം വാഹനങ്ങൾക്ക് പ്രവേശനം നൽകില്ല.
ഇറ്റലിയിലെ ബെഫാന മന്ത്രവാദിനി
ഇറ്റലിയിൽ ക്രിസ്മസ് ആഘോഷം അവസാനിക്കുന്നത് ജനുവരി ആറിനാണ്. അഞ്ചിന് സാൻ്റാക്ലോസയ്ക്ക് പകരം മറ്റൊരാൾ ഇറങ്ങും. ഇറ്റലിയിൽ സാൻ്റാക്ലോസിനെക്കാൾ പഴക്കമുള്ള ബെഫാന എന്ന മന്ത്രവാദിനിയാണ് സമ്മാനങ്ങളുമായി അന്ന് കുട്ടികളെ സന്ദർശിക്കാനെത്തുക. സാൻ്റാക്ലോസിനെപ്പോലെ തന്നെ ചിമ്മിനിയിലൂടെ കയറി കുട്ടികൾക്കുള്ള സമ്മാനങ്ങൾ വച്ചിട്ട് ബെഫാന പോകും. സാൻ്റാക്ലോസ് ഇറ്റലിയിലുണ്ടെങ്കിൽ പോലും ബെഫാനയാണ് ഇപ്പോഴും അവിടത്തെ ഒന്നാം നമ്പർ. സാൻ്റാക്ലോസ് ക്രിസ്മസ് ആഘോഷങ്ങളിൽ ഉൾപ്പെടുന്നതിനു വളരെ മുൻപ് തന്നെ ബെഫാന ഇറ്റലിയിലുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ പുഴു ഫ്രൈ
ക്രിസ്മസ് ദിനങ്ങളിൽ ദക്ഷിണാഫ്രിക്കയിലെ ഒരു വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ‘ഇത്തിരി പുഴു ഫ്രൈ എടുക്കട്ടെ?’ എന്ന് നിങ്ങളോട് വീട്ടുകാർ ചോദിച്ചാൽ അത്ഭുതപ്പെടരുത്. കാരണം, അത് അവിടുത്തെ ചടങ്ങാണ്. പൈൻ ട്രീ എംപറർ മോത്ത് എന്നറിയപ്പെടുന്ന ചിത്രശലഭപ്പുഴുവിനെയാണ് അവർ ‘പൊരിച്ചടിക്കുന്നത്’. ഇത് കഴിച്ചാൽ അടുത്ത വർഷം ഭാഗ്യം വരുമെന്നാണ് വിശ്വാസം.
സ്വീഡനിലെ ഡൊണാൾഡ് ഡക്ക്
ക്രിസ്മസ് ദിനത്തിൽ വീട്ടിലിരുന്ന് ടെലിവിഷൻ കാണുന്നത് സ്വീഡനിൽ ഒരു ആചാരമാണ്. അങ്ങനെ വെറുതെ ടെലിവിഷൻ കാണുകയല്ല. ഡിസ്നിയുടെ ഡൊണാൾഡ് ഡക്ക് എന്ന കഥാപാത്രത്തിൻ്റെ കിസ്മസ് സന്ദേശമാണ് ക്രിസ്മസ് ദിനം മൂന്ന് മണിക്ക് വീട്ടുകാർ എല്ലാവരും ചേർന്ന് കാണുന്നത്.
ഈ ആചാരത്തിന് ചരിത്രവുമായി ബന്ധമുണ്ട്. 60കളിലാണ് സ്വീഡനിൽ ടെലിവിഷൻ പ്രചാരത്തിലായത്. ആ സമയത്ത് രണ്ട് ചാനലുകളേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന് ഡിസ്നി കാർട്ടൂണുകൾ സംപ്രേഷണം ചെയ്യുന്ന ചാനലായിരുന്നു. ഇത് പിന്നീട് തുടർന്നുപോന്നു. ഇപ്പോഴും സ്വീഡനിലെ ജനസംഖ്യയുടെ പകുതിയോളം ആളുകൾ ഈ പതിവ് തുടരുന്നവരാണ്.
അപ്പോ എല്ലാവർക്കും മെറി ക്രിസ്മസ്, ഹാപ്പി ന്യൂ ഇയർ.
Story Highlights : Unusual Christmas Traditions From Around The World
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here