വിജയ് ഹസാരെ ട്രോഫി: ആവേശപ്പോരിൽ റൺമല താണ്ടി തമിഴ്നാട്; അനായാസം ഹിമാചൽ; ഫൈനൽ ലൈനപ്പായി

വിജയ് ഹസാരെ ട്രോഫി കലാശപ്പോരിനുള്ള ലൈനപ്പായി. ഹിമാചൽ പ്രദേശും തമിഴ്നാടും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുക. കേരളത്തെ ക്വാർട്ടറിൽ കീഴടക്കിയ സർവീസസിനെ 77 റൺസിനു തകർത്താണ് ഹിമാചൽ പ്രദേശ് ഫൈനലിലെത്തിയത്. തമിഴ്നാട് ആവട്ടെ, സൗരാഷ്ട്രക്കെതിരെ 311 റൺസ് പിന്തുടർന്ന് ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ വിജയിക്കുകയായിരുന്നു. ഈ മാസം 26നാണ് ഫൈനൽ. (vijay hazare tamilnadu himachal)
ക്യാപ്റ്റൻ റിഷി ധവാൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് ഹിമാചൽ പ്രദേശിനെ 6 വിക്കറ്റ് നഷ്ടത്തിൽ 281 റൺസെന്ന മികച്ച സ്കോറിലെത്തിച്ചത്. 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിൽ പതറിയ ഹിമാചലിനെ ധവാനും ആകാശ് വസിഷ്ടും പ്രശാന്ത് ചോപ്രയും ചേർന്നാണ് കരകയറ്റിയത്. ധവാൻ 77 പന്തിൽ 84 റൺസ് നേടി. പ്രശാന്ത് ചോപ്ര 78 നേടി പുറത്തായപ്പോൾ ആകാശ് വസിഷ്ട് 29 പന്തിൽ 45 റൺസ് നേടി പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗിൽ സർവീസസ് പൊരുതിയെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല. ക്യാപ്റ്റൻ രജത് പള്ളിവാൽ (55) ആണ് സർവീസസിൻ്റെ ടോപ്പ് സ്കോറർ. രവി ചൗഹാൻ (45), ദേവേന്ദർ ലോഹ്ചാബ് (34) എന്നിവരും സർവീസസിനായി തിളങ്ങി. ബാറ്റിംഗിനു പുറമെ ബൗളിംഗിൽ നാല് വിക്കറ്റ് കൂടി നേടിയ ധവാൻ സർവീസസിനെ തകർത്തുകളഞ്ഞു.
Read Also : വിജയ് ഹസാരെ ട്രോഫി: തിളങ്ങിയത് രോഹൻ കുന്നുമ്മൽ മാത്രം; കേരളം 175ന് ഓൾ ഔട്ട്
അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരമായിരുന്നു തമിഴ്നാട്-സൗരാഷ്ട്ര. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് നേടി. 125 പന്തിൽ 134 റൺസ് നേടിയ ഷെൽഡൻ ജാക്ക്സൺ ആണ് സൗരാഷ്ട്ര ഇന്നിംഗ്സിൻ്റെ ഊർജമായത്. അർപിത് വാസവദ (40 പന്തിൽ 57), വിശ്വരാജ് ജഡേജ (52) എന്നിവരും സൗരാഷ്ട്രക്കായി തിളങ്ങി. ക്യാപ്റ്റൻ വിജയ് ശങ്കർ തമിഴ്നാടിനു വേണ്ടി 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ബാബ അപരാജിത് (122) തമിഴ്നാടിനെ നയിച്ചപ്പോൾ വാഷിംഗ്‌ടൺ സുന്ദർ (61 പന്തിൽ 70) ബാബ ഇന്ദ്രജിത്ത് (50) എന്നിവരൊക്കെ ശ്രദ്ധേയ സംഭാവനകൾ നൽകി. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് സായ് കിഷോർ ആണ് തമിഴ്നാടിന് ജയം സമ്മാനിച്ചത്. സൗരാഷ്ട്രക്കായി ചേതൻ സക്കരിയ അഞ്ച് വിക്കറ്റ് വീഴ്ത്തി.
Story Highlights : vijay hazare tamilnadu himachal pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here