ആഷസ്: രണ്ടാം ഇന്നിംഗ്സിൽ തകർന്ന് ഇംഗ്ലണ്ട്; 4 വിക്കറ്റ് നഷ്ടം

ആഷസ് ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിലാണ്. സ്കോട്ട് ബോളണ്ട്, മിച്ചൽ സ്റ്റാർക്ക് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹസീബ് ഹമീദ്, സാക് ക്രോളി, ഡേവിഡ് മലാൻ, ജാക്ക് ലീച്ച് എന്നിവരാണ് പുറത്തായത്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ടിന് ഇനിയും 51 റൺസ് കൂടി നേടണം. (ashes test england wickets)
7 റൺസ് എടുക്കുന്നതിനിടെ തന്നെ ഇംഗ്ലണ്ടിന് 2 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞിരുന്നു. തുടരെയുള്ള പന്തുകളിൽ സാക്ക് ക്രൗളിയെയും (5) ഡേവിഡ് മലനെയും (0) പുറത്താക്കിയ സ്റ്റാർക്ക് ഇംഗ്ലണ്ടിനെ തുടക്കത്തിൽ തന്നെ ബാക്ക്ഫൂട്ടിലാക്കി. മൂന്നാം വിക്കറ്റിൽ ഹസീബ് ഹമീദ്-ജോ റൂട്ട് സഖ്യം രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും സ്കോട്ട് ബോളണ്ടിൻ്റെ ഒരു ഓവർ വീണ്ടും ഇംഗ്ലണ്ടിനു തിരിച്ചടിയായി. മൂന്നാം പന്തിൽ ഹമീദിനെയും (7) അഞ്ചാം പന്തിൽ നൈറ്റ് വാച്ച്മാൻ ജാക്ക് ലീച്ചിനെയും (0) പുറത്താക്കിയ ബോളണ്ട് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. നിലവിൽ ജോ റൂട്ട് (12), ബെൻ സ്റ്റോക്സ് (12) എന്നിവരാണ് ക്രീസിൽ.
Read Also : ആഷസ്: ആൻഡേഴ്സണു നാല് വിക്കറ്റ്; ഓസ്ട്രേലിയ 267നു പുറത്ത്
വെറും 82 റൺസിൻ്റെ ലീഡ് മാത്രമാണ് ഓസ്ട്രേലിയക്ക് ആദ്യ ഇന്നിംഗ്സിൽ ലഭിച്ചത്. 76 റൺസെടുത്ത ഓപ്പണർ മാർകസ് ഹാരിസ് മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ 4 വിക്കറ്റ് വീഴ്ത്തി.
38 റൺസെടുത്ത ഡേവിഡ് വാർണർ ആണ് ഓസീസ് നിരയിലെ രണ്ടാം ടോപ്പ് സ്കോറർ. 8 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിലായിരുന്ന ഓസ്ട്രേലിയക്ക് അവസാന രണ്ട് വിക്കറ്റുകളിലെ പ്രകടനങ്ങൾ ഊർജമായി. കമ്മിൻസ് 21 റൺസെടുത്തപ്പോൾ സ്റ്റാർക്ക് 24 റൺസെടുത്ത് പുറത്താവാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 185 റൺസിന് ഓൾഔട്ടായിരുന്നു. 3 വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റൻ പാറ്റ് കമ്മിൻനും നതാൻ ലിയോണും മുന്നിൽ നിന്ന് നയിച്ചപ്പോൾ മറ്റ് ബൗളർമാരും വിക്കറ്റ് കോളത്തിൽ ഇടം നേടി. ജോ റൂട്ട് (50), ജോണി ബെയർസ്റ്റോ (35) എന്നിവർ മാത്രമാണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയത്.
Story Highlights : ashes test england lost 4 wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here