കിഴക്കമ്പലം ആക്രമണം; സാബു എം ജേക്കബിനെതിരെ ബെന്നി ബഹന്നാന്‍ എംപി

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സാബു എം ജേക്കിനും ഉത്തരവാദിത്തമുണ്ടെന്ന് ബെന്നി ബഹന്നാന്‍ എംപി. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ നിലപാടിനെ പിന്തുണയ്ക്കുന്നു എന്നും ബെന്നി ബഹന്നാന്‍ വ്യക്തമാക്കി.
‘എതിര്‍പ്പ് കിറ്റെക്‌സ് കമ്പനിയോടല്ല, 20-20 എന്ന പ്രസ്ഥാനത്തെയാണ് താന്‍ എതിര്‍ക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ സംഘര്‍ഷമുണ്ടാക്കാന്‍ സാബു എം ജേക്കബ് മുന്‍പും ഉപയോഗിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ക്യാമ്പില്‍ ലഹരിമരുന്ന് എത്തിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുക്കണം. തൊഴില്‍ സ്ഥാപനങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ തുല്യ ഉത്തരവാദിത്തം തൊഴിലാളികള്‍ക്ക് മാത്രമല്ല, ഉടമസ്ഥനും കൂടിയാണ്. ഭരണഘടനയേയും നിയമവ്യവസ്ഥയേയും അംഗീകരിക്കാതെ മുന്നോട്ടു പോകുന്ന കിറ്റക്‌സിന്റെ ഉടമ സാബു എം ജേക്കബ്ബിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
കിഴക്കമ്പലത്തെ ആക്രമണം സംബന്ധിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു. പൊലീസ് വാഹനം തടഞ്ഞത് 50 പേരെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംഘര്‍ഷം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു, പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ തൊഴിലാളികള്‍ മര്‍ദിച്ചു. കല്ല്, മരവടി, മാരകായുധങ്ങള്‍ എന്നിവ ഉപയോഗിച്ച് എസ് എച്ച് ഒയെ ആക്രമിച്ചുവെന്നും ശേഷം മറ്റു തൊഴിലാളികള്‍ കൂട്ടമായെത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. അറസ്റ്റ് ചെയ്തവരില്‍ എട്ടു പേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. കിറ്റക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇവരില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.
Story Highlights : benny behanan, sabu m jacob. kitex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here