‘ഗാന്ധിയെ കൊന്നതിന് ഗോഡ്സെയ്ക്ക് സല്യൂട്ട്’; ആൾദൈവത്തിനെതിരെ കേസെടുത്ത് പൊലീസ്

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി ആൾദൈവം കാളിചരൺ മഹാരാജ്. സംഭവത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. റായ്പൂർ മുൻ മേയർ പ്രമോദ് ദുബെയുടെ പരാതിയെ തുടർന്നാണ് കാളിചരണെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. (Godman derogatory remarks Gandhi)
ഛത്തീസ്ഗഡിൽ നടന്ന ധരം സൻസാദ് സമ്മേളനത്തിനിടെയായിരുന്നു കാളിചരണിൻ്റെ വിവാദ പരാമർശം. ഗാന്ധിയെ കൊന്ന ഗോഡ്സെയെ താൻ സല്യൂട്ട് ചെയ്യുന്നു എന്ന് കാളിചരൺ പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെയും ഇയാൾ വിവാദ പ്രസ്താവന നടത്തി. രാഷ്ട്രീയത്തിലൂടെ രാജ്യം പിടിച്ചടക്കാനാണ് ഇസ്ലാം ശ്രമിക്കുന്നതെന്നായിരുന്നു കാളിചരണിൻ്റെ പരാമർശം.
അതേസമയം, ഹരിദ്വാറിലെയും ഡൽഹിയിലെയും ഹിന്ദു മതസമ്മേളനങ്ങളിൽ നടത്തിയ വിവാദ പ്രസംഗങ്ങളിൽ 76 അഭിഭാഷകർ സുപ്രിംകോടതിയ്ക്ക് കത്തയച്ചു. പ്രസംഗകർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായാണ് ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്ക് അഭിഭാഷകർ കത്തെഴുതിയത്.
Read Also : മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തണമെന്ന ആഹ്വാനം; സുപ്രിംകോടതിയ്ക്ക് കത്തയച്ച് 76 അഭിഭാഷകർ
വിവാദ പ്രസംഗങ്ങൾ നടത്തിയ ആളുകളുടെ പേര് സഹിതമാണ് കത്ത്. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല.വിഷയത്തിൽ കോടതി അടിയന്തിരമായി ഇടപെടണം. ഒരു സമൂഹത്തെ മുഴുവൻ കൊല ചെയ്യാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു അവ. രാജ്യത്തിൻ്റെ സാമൂഹിക ഐക്യത്തിന് അവ ഭീഷണിയാണെന്ന് മാത്രമല്ല, ആ പ്രസംഗങ്ങൾ ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ ജീവന് ഭീഷണി കൂടിയായിരുന്നു എന്നും കത്തിൽ പറയുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തണമെന്ന പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് പ്രസംഗങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരാവുകയുമായിരുന്നു. ഡിസംബർ 17 മുതൽ 20 വരെയാണ് പരിപാടി നടന്നത്.
എഫ്ഐആറിൽ ഒരേയൊരാളുടെ പേര് മാത്രമേ ഉള്ളൂ. അടുത്തിടെ ഇസ്ലാം മതം വിട്ട് ഹിന്ദു മതത്തിലേക്ക് എത്തിയ ഒരാളാണ് ഇത്. പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് തൃണമൂൽ കോൺഗ്രസ് നേതാവും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെയുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്തു. യുപി ഷിയ വഖഫ് ബോർഡിൻ്റെ മുൻ ചെയർമാൻ വസീം റിസ്‌വി, അഥവാ ജിതേന്ദർ നാരായൺ എന്നയാൾ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഉത്തരാഖണ്ഡ് പൊലീസ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
Story Highlights : Godman derogatory remarks Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here