’50 കോടി മുടക്കുന്നവനല്ല, 50 രൂപ ടിക്കറ്റെടുക്കുന്നവരാണ് സിനിമയുടെ ഉടമ’; നാദിർഷ

ആഷിൻ / നാദിർഷ
മലയാളിക്ക് ആമുഖത്തിൻ്റെ ആവശ്യമില്ലാത്ത കലാകാരനാണ് നാദിർഷ. സ്റ്റേജ് ഷോയിൽ നിന്നാരംഭിച്ച കലാജീവിതം ചലച്ചിത്ര സംവിധാനം വരെ എത്തി നിൽക്കുന്നു. മിമിക്രി ആര്‍ട്ടിസ്റ്റ്, ഗായകന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങി വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ. സിനിമാ ലോകം സ്വപ്നം കാണുന്ന യുവാക്കൾക്ക് ഈ കലാകാരൻ നൽകുന്ന പിന്തുണ പ്രേക്ഷകർക്ക് അറിവുള്ളതാണ്. സ്വാർത്ഥ താൽപര്യങ്ങൾ തെല്ലുമില്ലാതെ കലാകാരന്മാരെ ചേർത്ത് പിടിച്ചുള്ള അദ്ദേഹത്തിന്റെ യാത്ര തുടരുകയാണ്. പുതുവർഷത്തിൽ തൻ്റെ വിശേഷങ്ങൾ നമുക്കൊപ്പം പങ്കുവെയ്ക്കുകയാണ് നാദിർഷ.
2021 അവസാനിക്കുമ്പോൾ ?
കൊവിഡുമായി നമ്മൾ പൊരുത്തപ്പെട്ട് തുടങ്ങിയത് 2021ൻ്റെ തുടക്കം മുതലാണല്ലോ. നമ്മൾ എല്ലാവരും ഒന്നിച്ച് സ്തംഭിച്ച് നിന്ന സമയമായിരുന്നു അതൊക്കെ.. ആദ്യമൊക്കെ നന്നായി പേടിച്ചു, ജാഗ്രത തുടർന്നു, ഇപ്പോൾ അതുമായി പൊരുത്തപ്പെട്ട് ജീവിക്കണമെന്ന് തിരിച്ചറിഞ്ഞു. ഈ വർഷം സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിക്കാൻ കഴിഞ്ഞു. എൻ്റെ പുതിയ സിനിമ ‘ഈശോ’യുടെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചു. കൊവിഡിൻ്റെ എല്ലാ സുരക്ഷയും മാർഗനിദേശങ്ങളും പാലിച്ച്, അനുമതിയും കാര്യങ്ങളും ഒക്കെ വാങ്ങി സിനിമ പൂർത്തിയാക്കി. അതിൻ്റെ ചെറിയ സന്തോഷമുണ്ട്.
2020 വിഷു റിലീസായി പ്ലാൻ ചെയ്ത സിനിമയായിരുന്നു ‘കേശു ഈ വീടിൻ്റെ നാഥൻ’. ഒത്തിരി കഷ്ടപ്പെട്ട് വിഷുവിന് മുമ്പ് സിനിമ പൂർത്തിയാക്കി, പക്ഷേ വീണ്ടും കൊവിഡ് വന്നു തീയേറ്ററുകൾ ഒരിക്കൽ കൂടി അടഞ്ഞു… അതിൻ്റെ ചെറിയ ഒരു സങ്കടം തോന്നിയിരുന്നു. പിന്നെ സിനിമയിൽ ദിലീപിൻ്റെ ഇൻട്രോ (കേശു എന്ന കഥാപാത്രത്തിന്റെ) ചെറിയ മാറ്റം വരുത്തി വീണ്ടും എടുത്തു. എല്ലാം നന്നായി തന്നെ വന്നു. സിനിമ ഇന്ന് റിലീസായി…

കേശുവിനെ പറ്റി പറയാമോ?
‘കേശു ഈ വീടിൻ്റെ നാഥൻ’ ഫീൽ ഗുഡ് മൂവിയാണ്… കുടുംബ ചിത്രമാണ്… സന്തോഷിച്ച് ആസ്വദിച്ച് കാണാൻ പറ്റുന്ന ഒരു സിനിമ. ദിലീപ് 67 കാരൻ്റെ വേഷത്തിൽ എത്തുന്നു, ഉർവശി ചേച്ചിയാണ് ദിലീപിൻ്റെ ജോഡി. ഒരു ശുദ്ധ ഗ്രാമീണ കുടുംബത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. താര സമ്പന്നമാല്ലാത്ത ഒരു കുഞ്ഞ് പടം. സജീവ് പാഴൂരാണ് തിരക്കഥ. ദിലീപ് പ്രൊഡ്യൂസ് ചെയ്യാമെന്ന് അദ്ദേഹം തന്നെ പറഞ്ഞു. കഥ കേട്ടപ്പോൾ കേശുവായി ആദ്യം ഓടിവന്നത് നെടുമുടി വേണു ചേട്ടൻ്റെ മുഖമാണ്. പിന്നെ നമ്മൾ ഒന്നിച്ച് പലരുടെയും പേര് ചിന്തിച്ചു. ഇന്നസെന്റ് ചേട്ടൻ, അലൻസിയർ ചേട്ടൻ അങ്ങനെ പല നടന്മാരുടെ പേര് വന്നു.
ഇവർ രണ്ട് പേരും ഇത്തരം കഥാപാത്രങ്ങൾ നേരത്തെ ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് ഒരു പുതുമ നൽകണമല്ലോ എന്ന ചിന്തയാണ് ദിലീപിൽ എത്തിച്ചത്. പക്ഷേ ഒരു ചെറിയ ആശങ്ക ഉണ്ടായിരുന്നത് ദിലീപിനെ എങ്ങനെ കേശുവാക്കി മാറ്റും എന്നായിരുന്നു. റിയലിസ്റ്റികായി തോന്നണമല്ലോ… ദിലീപ് ഈ സിനിമയ്ക്ക് വേണ്ടി നന്നായി കഷ്ട്ടപ്പെട്ടു. ഒത്തിരി സമയമെടുത്ത് ഒടുവിൽ കേശുവേട്ടനായി മാറി.

സിനിമ എവിടെ കാണണം? ഒ.ടി.ടി / തിയേറ്റർ
ഉറപ്പായും തിയേറ്റർ തന്നെ… കാരണം എൻ്റെ സിനിമാ മോഹങ്ങൾ തുടങ്ങുന്നത് തിയേറ്ററിൽ നിന്നാണ്. എൻ്റെ മാത്രമല്ല, മിമിക്രി കലാകാരന്മാരുടെ സിനിമ ലക്ഷ്യത്തിന് വഴി തെളിയിച്ചത് തിയേറ്ററുകളാണ്. തിയേറ്ററിൽ സിനിമകൾ കണ്ട് കൊതിച്ചൊക്കെയാണ് ഞാൻ ഒരു ചെറിയ സംവിധായകനായി മാറിയത്. നടനാകണം, ഗായകൻ/ ഗായികയാകണം അങ്ങനെ പലരുടെയും സ്വപ്നങ്ങൾക്ക് പിന്നിൽ ഇത് തന്നെയാണ് കാരണം. അവിടെ കിട്ടുന്ന ആരവം, ജനം നമ്മളോട് കാണിക്കുന്ന സ്നേഹം ഇതൊക്കെ വളരെ വലുതാണ്.
തിയേറ്ററിൽ എല്ലാരുടെയും ഒപ്പമിരുന്ന് പടം കാണുമ്പോൾ ലഭിക്കുന്ന സന്തോഷം, ആ ഒരു ത്രില്ലും അത് മറ്റൊരിടത്തും കിട്ടില്ല. എൻ്റെ ചെറിയ സിനിമകൾ ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നവയാണ്. തിയേറ്ററിൽ 10 പേർ ചിരിക്കുമ്പോൾ അത് കൊണ്ട് മാത്രം ബാക്കി കുറച്ച് പേർ ചിരിക്കും. ഒരു സിനിമ വിജയിക്കുന്നതും ഇങ്ങനെയാണ്. ഒ.ടി.ടിയിൽ അത് ഉണ്ടാകുന്നില്ലല്ലോ…. മൊബൈൽ അല്ലെങ്കിൽ ടിവിയിൽ കാണുമ്പോൾ ഇതൊക്കെ നഷ്ട്ടമാകും.
പക്ഷേ മറ്റൊരു കാര്യം കൂടിപറയണമല്ലോ, സിനിമയ്ക്ക് ഒരു ജീവശ്വാസം പോലെയാണ് ഒ.ടി.ടി ലഭിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ സിനിമകൾ എന്ത് ചെയ്യും എന്ന് ചിന്തിക്കുന്ന സമയം, സാമ്പത്തിക പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയ സമയം. പല നിർമ്മാതാക്കളും ആത്മഹത്യയുടെ വക്കിൽ നിക്കുന്ന സമയത്താണ് ഒ.ടി.ടി വരുന്നത്. പലിശക്കെടുത്തും, കടം വാങ്ങിയുമാണ് പലരും സിനിമ പിടിക്കുന്നത്. 30 കോടിവരെ കടം മേടിച്ചിട്ട് കൊവിഡാണ്, ഇപ്പോൾ തിരിച്ച് തരാൻ പൈസയില്ലെന്ന് പറയാൻ പറ്റില്ല… ലാഭം ഇല്ലെങ്കിലും മുടക്കിയ തുക ഒ.ടി.ടിയിൽ നിന്നും ലഭിച്ചു.. അത് വലിയ ഒരു കാര്യം തന്നെയാണ്.
എനിക്ക് തോന്നുന്നത് ഇനി ഒ.ടി.ടി പ്രേക്ഷകർക്കും, തിയേറ്റർ പ്രേക്ഷകർക്കും വേണ്ടി രണ്ട് രീതിയിൽ സിനിമകൾ ചെയ്യാമെന്ന്. കാരണം ഒരുപാട് സംവിധായകർക്ക് അവസരം ലഭിക്കും. സാങ്കേതിക പ്രവർത്തകരും വളരും. കൂടുതൽ ആളുകൾക്ക് അഭിനയിക്കാൻ അവസരം ലഭിക്കും. ഒ.ടി.ടിയിൽ അങ്ങനെ ഒരു ഗുണം കൂടി ഉണ്ടെന്ന് തോന്നുന്നു. രണ്ടും രണ്ട് തരത്തിലുള്ള ഉപജീവന മാർഗമാണ്.

വിമർശനങ്ങളെ എങ്ങനെ കാണുന്നു?
50 കോടി മുടക്കുന്നവനല്ല, 50 രൂപ ടിക്കറ്റെടുക്കുന്നവരാണ് സിനിമയുടെ ഉടമ. അവർക്ക് വിമർശിക്കാം… അവരാണ് തീരുമാനിക്കുന്നത് സിനിമ ഓടണമോ വെണ്ടയോയെന്ന്.. ഒരു അപേക്ഷയുള്ളത് മനപൂർവം ഒരു സിനിമയെ തകർക്കാൻ വേണ്ടി വിമർശിക്കുന്നത്. കാരണം സിനിമ എന്നത് ഒരുപാട് പേരുടെ ജീവിത മാർഗമാണ്. ഒരു പടം തിയേറ്ററിൽ എത്തിയാൽ മാത്രമാണ് അവിടെയുള്ള ജീവനക്കാർക്ക് ജീവിക്കാൻ കഴിയു. മാത്രമല്ല തീയേറ്ററിന് ചുറ്റുമുള്ള കടകൾ, അവർക്കും വരുമാനം ലഭിക്കും, പോസ്റ്റർ ഒട്ടിക്കുന്ന ആൾ… അങ്ങനെ നേരിട്ടും അല്ലാതെയും സിനിമ കൊണ്ട് ജീവിക്കുന്ന നിരവധി പേരുണ്ട്…. ഒരു അഭ്യർത്ഥനയാണ്…
Story Highlights : interview-with-director-nadirsha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here