സംഭവം മാസ്സാണ്; കോണ്ടസ വിന്റേജ് കാറിൽ ഇന്ത്യ ചുറ്റി മലപ്പുറം സ്വദേശികൾ…

ഇന്നത്തെ ചെറുപ്പക്കാർക്ക് യാത്രകളോട് ഒരു പ്രത്യേക ഹരമാണ്. ബൈക്കിലും കാറിലും നഗരം ചുറ്റുന്നവർ നമുക്ക് ചുറ്റും നിരവധിയുണ്ട്. എന്നാൽ കോണ്ടസ വിന്റേജ് കാറിൽ അതിർത്തികൾ ഭേദിച്ച് നാടും നഗരവും കറങ്ങി തിരിച്ചെത്തിയിരിക്കുകയാണ് മലപ്പുറത്തുകാരായ നാല് ചെറുപ്പക്കാർ. കിഴക്കൻ തീരത്തുകൂടി ഗുജറാത്തും രാജസ്ഥാനും പിന്നിട്ട് രാജ്യത്തിൻറെ തലത്തൊട്ടാണ് ഈ ചെറുപ്പക്കാർ തിരിച്ചെത്തിയിരിക്കുന്നത്. എന്നാൽ കശ്മീർ കൊണ്ട് ഈ യാത്ര തീർന്നില്ല. ആ യാത്ര രാജ്യാതിർത്തിയും ഭേദിച്ച് അങ്ങ് നേപ്പാളിലും എത്തി.
ജാബിർ, നിയാസ്, യൂനുസ്, അമീൻ എന്ന നാല് ചെറുപ്പക്കാരാണ് ഇങ്ങനെയൊരു യാത്ര സഫലമാക്കിയിരിക്കുന്നത്. ഇവരുടെ യാത്ര കഥകളും അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് ഇവർ. “വളരെക്കാലമായുള്ള ഞങ്ങളുടെ സ്വപ്നമായിരുന്നു ഈ ഓൾ ഇന്ത്യ ട്രിപ്പ്. അത് ഞങ്ങളുടെ വിന്റേജ് കാറായ കോണ്ടസയിൽ തന്നെ നടത്താൻ തീരുമാനിക്കുകയിരുന്നു. ‘സേവ് വിന്റേജ് വെഹിക്കിൾ’ എന്ന ടാഗോട് കൂടിയായിരുന്നു യാത്ര. ഇന്ത്യ കറങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും അത് കടന്ന് നേപ്പാളും യാത്ര ചെയ്യാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ട്”.
യാത്രയിലെ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾക്ക് നാല് പേർക്കും ഹിന്ദി അറിയില്ല എന്നും കുറച്ച് ഇംഗ്ലീഷ് വെച്ചാണ് ഇന്ത്യ മുഴുവൻ കറങ്ങിയത്. ഇത് രസകരമായ അനുഭവമായിരുന്നു എന്നും ഇവർ 24 ന്യൂസിനോട് പറഞ്ഞു. ഈ യാത്രയ്ക്കായി കൂട്ടത്തിൽ ഒരാളുടെ കല്യാണം വരെ മാറ്റിവെച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നും ഇവർ 24 ന്യൂസിനോട് പറഞ്ഞു. അടുത്ത ബന്ധുക്കൾ കൂടിയായ ഇവർ അക്കൗണ്ടിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്. നേരത്തെ ചെറിയ യാത്രകൾ ഇവർ ഒരുമിച്ച് ചെയ്തിട്ടുണ്ട്. പാലക്കാടുള്ള കോണ്ടസ വിന്റേജ് കാർ ഉടമകളുടെ കൂട്ടായ്മ ഇവർക്ക് വൻ സ്വീകരണവും നൽകി. വിന്റേജ് കാറുകളുടെ അകമ്പടിയിലായിരുന്നു മലപ്പുറത്തേക്കുള്ള ഇവരുടെ മടക്ക യാത്ര.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here