ന്യൂസീലൻഡ് 328നു പുറത്ത്; ബംഗ്ലാദേശിനു തകർപ്പൻ തുടക്കം

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് മികച്ച തുടക്കം. ന്യൂസീലൻഡിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328നു മറുപടിയുമായി ഇറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തിട്ടുണ്ട്. 70 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന മഹ്മൂദുൽ ഹസൻ ജോയ് ആണ് ബംഗ്ലാ ഇന്നിംഗ്സിൻ്റെ കടിഞ്ഞാൺ നിയന്ത്രിക്കുന്നത്. നജ്മുൽ ഹൊസൈൻ ഷാൻ്റോ 64 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ മോമിനുൽ ഹഖ് (8) മഹ്മൂദുൽ ഹസനൊപ്പം ക്രീസിൽ തുടരുകയാണ്.
122 റൺസെടുത്ത ഡെവോൺ കോൺവേ ആണ് ന്യൂസീലൻഡ് ടോപ്പ് സ്കോറർ. ഹെൻറി നിക്കോൾസ് (75), വിൽ യങ് (52) എന്നിവരും തിളങ്ങി. ബാക്കിയുള്ളവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ വാലറ്റക്കാരെ കൂട്ടുപിടിച്ച് കോൺവേ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും പിന്തുണ നൽകാൻ ആർക്കും കഴിഞ്ഞില്ല. അവസാന വിക്കറ്റായാണ് നിക്കോൾസ് പുറത്തായത്. ബംഗ്ലാദേശിനായി മഹദി ഹസനും ഷൊരീഫുൽ ഇസ്ലാമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ടിം സൗത്തി, ട്രെൻ്റ് ബോൾട്ട്, കെയിൽ ജമീസൺ, നീൽ വീഗ്നർ എന്നിവരടങ്ങിയ ന്യൂസീലൻഡ് പേസ് അറ്റാക്കിനെ ഫലപ്രദമായി നേരിട്ട ബംഗ്ലാദേശ് കളിയിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഷദ്മൻ ഇസ്ലാം 22 റൺസെടുത്ത് പുറത്തായെങ്കിലും പിന്നീട് കളി ബംഗ്ലാദേശ് നിയന്ത്രിച്ചു. ബംഗ്ലാദേശിൻ്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് നീൽ വാഗ്നറാണ്.
Story Highlights : bangladesh newzealand test first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here