കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും, സംശയരോഗമെന്ന് നിഗമനം

കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് നടപടി ഇന്ന്. പ്രതി ദീപുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കടയ്ക്കൽ കോട്ടപ്പുറം സ്വദേശിനി ജിൻസിയാണ് കൊല്ലപ്പെട്ടത്.ഏഴ് വയസ്സുകാരനായ മകൻ്റെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. സംശയ രോഗമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ വൈകുന്നേരം 4.30ഓടെയായിരുന്നു കൊലപാതകം നടന്നത്. പാരിപ്പള്ളി സർക്കാർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട ജിൻസി. സംഭവത്തിൽ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദീപുവും ജിൻസിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ, ചില കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരു മാസമായി ഇവർ അകന്ന് കഴിയുകയായിരുന്നു.
Read Also : കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം 7 വയസുകാരനായ മകന്റെ മുന്നിൽ വച്ച്
കടയ്ക്കൽ കോട്ടപ്പുറത്തെ ഒരു വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ, കുടുംബപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അല്പം അകലെയുള്ള തൻ്റെ വീട്ടിലേക്ക് ജിൻസി മാറി. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് ജിൻസി വീട്ടിലെത്തിയപ്പോൾ സ്ഥലത്തെത്തിയ ദീപു കൊടുവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടസം പിടിക്കാനെത്തിയ മകനെ തള്ളി തറയിലിട്ട ശേഷമാണ് വെട്ടിയത്. കുട്ടി അവിടെ നിന്ന് എഴുന്നേറ്റ് ഒരു കിലോമീറ്ററോളം ഓടി ആളെക്കൂട്ടി വന്നപ്പോഴേക്കും ശരീരത്തിൽ പലയിടങ്ങളിലായി ജിൻസിക്ക് 20ഓളം വെട്ടുകൾ ഏറ്റുകഴിഞ്ഞിരുന്നു. ജിൻസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പിന്നീട് ഇയാൾ സ്വയം പൊലീസിൽ കീഴടങ്ങുകയായിരുന്നു.
Story Highlights : Husband killed wife kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here