അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്
മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്. അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം തുടരേണ്ടിവരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുന്നറിയിപ്പുനല്‍കി. മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ അവധി നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളാണ് പറയുന്നത്. സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഒരിടവേളയ്ക്ക് ശേഷമാണ് എന്‍എസ്എസ് വീണ്ടും സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. മന്നം ജയന്തി സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിക്കുന്നില്ല, നിയന്ത്രിത അവധിയായി മാത്രമാണ് കണക്കാക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മന്നം ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. പക്ഷേ സമ്പൂര്‍ണ അവധിയായി മന്നം ജയന്തി ദിനത്തെ അംഗീകരിക്കുന്നില്ലെന്നും എന്‍എസ്എസിനോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.
എന്‍എസ്എസ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.എന്‍എസ്എസ് ഉന്നയിച്ച പ്രശ്‌നം അടിയന്തിരമായി പരിഗണിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പക്ഷം പിടിക്കാത്തതുകൊണ്ടായിരിക്കാം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിക്കാത്തതെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ പറഞ്ഞു.
Read Also : ഇന്ന് മന്നം ജയന്തി
‘സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും മന്നത്തുപത്മനാഭന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് പല സന്ദര്‍ഭങ്ങളില്‍ ബഹുമതികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനോട് ഒരു കാര്യം മാത്രമേ എന്‍എസ്എസ് ആവശ്യപ്പെട്ടുള്ളൂ. വൈകിയാണെങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് മന്നം ജയന്തിയായ ജനുവരി 2 പൊതു അവധിയായി പ്രഖ്യാപിച്ചത്. ഈ അവധി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണം എന്ന ആവശ്യമാണ് ഇപ്പോഴത്തെ സര്‍ക്കാരിനോട് ഉന്നയിച്ചത്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പുനയം ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് അവര്‍ കരുതണം’. എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.
Story Highlights : nss, g sukumaran nair, mannam jayanthi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here