കൊടുംവനത്തിലെ എണ്ണിയാൽ തീരാത്ത ആത്മഹത്യകൾ; അതിഘോര വനത്തിന്റെ നിഗൂഢതകൾ…
ജപ്പാനിലെ ഹോൺഷു ദ്വീപിലെ ഓക്കിഗഹാറ എന്ന ഘോരവനം. കെട്ടുകഥകളും പ്രേതകഥകളും നിറഞ്ഞ അതിഘോര വനത്തിന്റെ വിശേഷങ്ങൾ നിരവധിയാണ്. ഹോൺഷു ദ്വീപിലെ ഫുജി പർവ്വതത്തിനടുത്തായാണ് ഈ വനം സ്ഥിതി ചെയ്യുന്നത്. എഡി കാലഘട്ടത്തിൽ നടന്ന അഗ്നിപർവത പൊട്ടിത്തെറിയാണ് ഈ വനം പിറന്നതിന് പിന്നിൽ. പർവതം പൊട്ടിത്തെറിച്ച് ഉണ്ടായ ലാവ പ്രദേശമാകെ ഒഴുകി പടർന്നു. പിന്നീട് ആ ലാവ തണുത്തുറയുകയും അവിടെ മരങ്ങൾ മുളച്ച് തുടങ്ങുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞ് അതൊരു കൊടും വനമായി മാറി. ജാപ്പനീസ് ഭാഷയിൽ ഓക്കിഗഹാറ എന്നാൽ മരങ്ങളുടെ കടൽ എന്നാണ് അർത്ഥമാക്കുന്നത്.
പേടിപ്പെടുത്തുന്ന നിരവധി കഥകൾ ഈ കാടിനെ ചുറ്റിപറ്റി ഉണ്ട്. ഈ കാടിനകത്ത് അസാധാരണമായി രൂപങ്ങൾ പ്രത്യക്ഷപെടാറുണ്ടെന്നും ഇവിടെ നിന്നും കരച്ചിലുകളും മുറവിളിയും കേൾക്കാറുണ്ടെന്നും പറയപെടുന്നു. ജാപ്പനീസ് മിത്തുകൾ പ്രകാരം മരിച്ചവരുടെ ആത്മാക്കൾ ഇവിടെ അലഞ്ഞുതിരിഞ്ഞു നടപ്പുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കാടിനുള്ളിലൂടെ യാത്ര ചെയ്യാൻ മിക്കവർക്കും പേടിയാണ്.
ഓക്കിഗഹാറയുടെ മറ്റൊരു വിളിപ്പേര് സൂയിസൈഡ് ഫോറസ്റ് എന്നാണ്. ജപ്പാനിൽ തന്നെ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത് ഇവിടെ ആയതിനാൽ ഇങ്ങനെയൊരു പേര് ലഭിച്ചത്. 1960 കൾക്ക് ശേഷം ഇവിടെ സ്ഥിരമായി ആത്മഹത്യകൾ നടന്നിരുന്നു. 2010 ൽ മാത്രം ഇരുന്നൂറോളം ആത്മഹത്യകളാണ് ഇവിടെ റിപ്പോർട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന ആത്മഹത്യകൾ കുറയ്ക്കാൻ ബോധവത്‌കരണ പരിപാടികളും ഇവിടെ നടപ്പാക്കാറുണ്ട്.
ഭീകരമായ ഈ കാട് ഇവിടുത്തുകാരിൽ പോലും ഭയമാണ് സൃഷ്ടിക്കുന്നത്. എങ്കിലും നിരവധി സഞ്ചാരികൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്. ശൈത്യകാലത്താണ് സഞ്ചാരികൾ കൂടുതലായി എത്താറുള്ളത്. കാടിന്റെ പേരിൽ മാത്രമല്ല ഗുഹകളുടെ പേരിലും ഓക്കിഗഹാറ പ്രസിദ്ധമാണ്. പ്രശസ്തമായ നിരവധി ഗുഹകൾ ഇവിടെ ഉണ്ട്. ഇവിടുത്തെ ഭീകരമായ അന്തരീക്ഷത്തിന് മറ്റൊരു കാരണം എന്തെന്നാൽ കാടിനുള്ളിൽ അനുഭവപ്പെടുന്ന ഏകാന്തതയാണ്. ലാവ തണുത്തുറഞ്ഞ് ഉണ്ടായ സ്ഥലമായതിനാൽ ഈ ലാവാ പാറകൾ ശബ്ദത്തെ ആഗീരണം ചെയ്യുന്നു. അത് കാടിനുള്ളിൽ അതിഭീകരമായ പ്രതീതി സൃഷ്ടിക്കുന്നു.
Story Highlights : Facts about Aokigahara Forest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here