അറബിപ്പണം ഒഴുകിത്തുടങ്ങി; ട്രിപ്പിയർ ന്യൂകാസിലിലേക്ക്

സൗദി കൺസോർഷ്യം ഏറ്റെടുത്തതിനു പിന്നാലെയുള്ള ആദ്യ വലിയ സൈനിങ്ങുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ്. ഇംഗ്ലണ്ട്, അത്‌ലറ്റികോ മാഡ്രിഡ് താരമായ ട്രിപ്പിയറെ 12 മില്ല്യൺ രൂപ ട്രാൻസ്‌ഫർ ഫീസ് നൽകിയാവും ന്യൂകാസിൽ ടീമിലെത്തിക്കുക. സൈനിങ് ഉടൻ തന്നെ ന്യൂകാസിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. (Kieran Trippier Newcastle United)
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനമിൽ നിന്ന് മൂന്ന് വർഷം മുൻപാണ് ട്രിപ്പിയർ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിലെത്തിയത്. പ്രതിരോധ നിര താരമായ ട്രിപ്പിയർ ബേൺലിക്കായും കളിച്ചിട്ടുണ്ട്.
ന്യൂകാസിൽ യുണൈറ്റഡിൻ്റെ പരിശീലകനായി മുൻ ബേണ്മൗത്ത് പരിശീലകൻ എഡി ഹൊവെയെ നിയമിച്ചിരുന്നു. 2024 വരെയുള്ള കരാറിലാണ് 43കാരനായ താരം ന്യൂകാസിൽ പരിശീലക സ്ഥാനം ഏറ്റെടുക്കുക. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ക്ലബ് ഏറ്റെടുത്തതിനു പിന്നാലെ പഴയ പരിശീലകനെ പുറത്താക്കി പുതിയ പരിശീലകനുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു.
Read Also : ന്യൂകാസിൽ പരിശീലകനായി എഡി ഹൊവേ
അൻ്റോണിയോ കോണ്ടെ, ടെൻ ഹാഗ്, ഉനായ് എംറെ എന്നിവരെയൊക്കെ ന്യൂകാസിൽ സമീപിച്ചെങ്കിലും അവരൊക്കെ ഓഫർ നിരസിച്ചു. അൻ്റോണിയോ കോണ്ടെ പിന്നീട് ടോട്ടനം ഹോട്സ്പറിൻ്റെ പരിശീലകനായി. ബേണ്മൗത്തിൽ പ്രതിരോധ താരമായി കളിച്ചിരുന്ന ഹൊവെ 2008ലാണ് ആദ്യമായി ക്ലബ് പരിശീലകനാവുന്നത്. 2011ൽ ബേൺലിയിലേക്ക് പോയ ഹൊവെ അടുത്ത വർഷം വീണ്ടും ബേണ്മുത്തിലേക്ക് തിരികെയെത്തി. 2020 വരെ ഹൊവെ ബേണ്മൗത്ത് പരിശീലക സ്ഥാനത്ത് തുടർന്നു.
പിസിപി ക്യാപിറ്റൽസ്, റൂബൻ സഹോദരങ്ങൾ, സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് ന്യൂകാസിൽ ഏറ്റെടുത്തത്. 300 മില്ല്യൻ പൗണ്ട് നൽകിയാണ് ഏറ്റെടുക്കൽ. നേരത്തെ തന്നെ ഇതിനുള്ള നീക്കം ആരംഭിച്ചിരുന്നെങ്കിലും പ്രീമിയർ ലീഗ് ബ്രോഡ്കാസ്റ്റർമാരായ ബീയിൻ സ്പോർട്സിനെ സൗദി അറേബ്യയിൽ വിലക്കിയിരുന്നതിനാൽ ഇതിന് ലീഗ് അധികൃതർ അനുമതി നൽകിയില്ല. തുടർന്ന് സൗദി അറേബ്യ ബീയിൻ സ്പോർട്സിനുള്ള വിലക്ക് നീക്കി. ഇതോടെ തടസങ്ങൾ അവസാനിച്ചു എന്നാണ് റിപ്പോർട്ടുകൾ. ബീയിൻ സ്പോർട്സിനു വിലക്കുണ്ടായിരുന്നു എങ്കിലും സൗദിയിൽ ലീഗ് മത്സരങ്ങൾ പൈറസിയിലൂടെ കാണാൻ സാധിച്ചിരുന്നു. ഇതിന് തടയിടാൻ സൗദി തയ്യാറായിരുന്നില്ല. അതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ബീയിൻ സ്പോർട്സ് ആവശ്യപ്പെട്ടിരുന്നു.
Story Highlights : Kieran Trippier Newcastle United
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here