Advertisement

തെരഞ്ഞെടുപ്പ് ചൂടിൽ യുപി; സർവേ ഫലത്തിൽ ബിജെപിക്ക് മുൻതൂക്കം; കർഷക സമരം ഉൾപ്പെടെയുള്ള വിഷയങ്ങൾ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്

January 6, 2022
2 minutes Read
uttar pradesh election 2022 survey report

ഉത്തർപ്രദേശിൽ ആര് അധികാരത്തിലേറും ? ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. ബിജെപിയുടെ യോഗി ആദിത്യനാഥ്, എസ്പിയുടെ അഖിലേഷ് യാദവ്‌, ബിഎസ്പിയുടെ മായാവതി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പ് മത്സര ചിത്രത്തിൽ കോൺഗ്രസ് നാലാം സ്ഥാനത്താണ്. ( uttar pradesh election 2022 survey report )

ടൈംസ് നൗവിന് വേണ്ടി വീറ്റോ തയാറാക്കിയ സർവേ പ്രകാരം ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് അനായാസ വിജയമുണ്ടാകുമെന്നാണ് സൂചന. രണ്ടാം സ്ഥാനത്ത് എസ്പിയും, മൂന്നാം സ്ഥാനത്ത് ബിഎസ്പിയും, നാലാം സ്ഥാനത്ത് കോൺഗ്രസുമായിരിക്കുമെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. എന്നാൽ കർഷക സമരം, ലഖിംപൂർ ഖേരി വിഷയം, കൊവിഡ് പ്രിതരോധത്തിലെ പാളിച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങൾ ബിജെപിക്ക് വെല്ലുവിളി ഉയർത്തുമെന്നും സർവേയിൽ പറയുന്നു. ഡിസംബർ 16 നും 30 നും ഇടയിലായി 21,480 പേരിൽ നടത്തിയ സർവേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സീറ്റ് പ്രവചനം

403 സീറ്റുകളുള്ള ഉത്തർ പ്രദേശിൽ ബിജെപിക്ക് 230നും 249 നും മധ്യേ സീറ്റുകൾ ലഭിക്കുമെന്നാണ് സർവേ റിപ്പോർട്ട്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് (എസ്പി) 137152 നും ഇടയിൽ സീറ്റുകൾ ലഭിക്കും. മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിക്ക് 9 നും 14നും മധ്യേയും കോൺഗ്രസിന് 47 സീറ്റുകളും മറ്റുള്ളവയ്ക്ക് 04 സീറ്റുകളും ലഭിക്കുമെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വോട്ട് വിഹിതം

ബിജെപിക്ക് 38.8 ശതമാനം വോട്ടുകൾ നേടാൻ സാധിക്കുമെന്നാണ് ടൈംസ് നൗ സർവേ വ്യക്തമാക്കുന്നത്. എസ്പിക്ക് 34.4 ശതമാനം വോട്ടുകൾ നേടാനാകുമെന്നും സർവേ പ്രവചിക്കുന്നു. ബിഎസ്പിക്ക് 14.1 ശതമാനവും, കോൺഗ്രസിന് 6.1 ശതമാനവും, മറ്റുള്ള പാർട്ടികൾക്ക് 6.8 ശതമാനം വോട്ടുകളും നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

പ്രിയപ്പെട്ട മുഖ്യമന്ത്രിയായി യോഗി

നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാൻ 52 ശതമാനം പേർ ആഗ്രഹിക്കുന്നുവെന്നാണ് സർവേയിൽ പറയുന്നത്.

32 ശതമാനം പേരാണ് അടുത്ത മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് വേണമെന്ന് ആഗ്രഹിക്കുന്നത്. 13 ശതമാനം പേർ മായാവതി വരണമെന്ന് ആഗ്രഹിക്കുമ്പോൾ, 2.2 ശതമാനം പേർ മാത്രമാണ് സംസ്ഥാനത്ത് പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നത്.

സർവേ ഫലം സത്യമായാൽ 1985 ന് ശേഷം രണ്ട് ടേമും തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി ആദിത്യനാഥ്.

51 ശതമാനം പേരാണ് യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചത്. 34 ശതമാനം പേരും ആദിത്യനാഥിന്റെ പ്രവർത്തനത്തിൽ അതൃപ്തരായിരുന്നു. മറ്റ് 15 ശതമാനം പേർക്കും വ്യക്തമായ അഭിപ്രായം ഇല്ലായിരുന്നു.

ക്രമസമാധാന പരിപാലനമാണ് യോഗി സർക്കാരിന്റെ നല്ല വശമായി 47% പേരും അഭിപ്രായപ്പെട്ടത്. 12 ശതമാനം പേർ കൊവിഡ് പ്രതിരോധത്തേയും, 34 ശതമാനം പേർ പുരോഗമന പ്രവർത്തനത്തെയും പ്രകീർത്തിച്ചു.

തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയങ്ങൾ

കൊവിഡ് രണ്ടാം തരംഗം, ലഖിംപൂർ ഖേരി കൊലപാതകം എന്നിവ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നൽകിയേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കൊവിഡ് രണ്ടാം തരംഗം

കൊവിഡ് (രണ്ടാം തരംഗം) കാലത്തെ പ്രതിരോധ പാളിച്ച ബിജെപി സർക്കാരിന്റെ ശോഭ കെടുത്തിയെന്ന് 73 % പേരും വിശ്വസിക്കുന്നു. 13% പേർ എതിർ അഭിപ്രായം രേഖപ്പെടുത്തി. 14% പേർ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

33% പേർ കൊവിഡ് മരണങ്ങൾ തേരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിശ്വസിക്കുന്നു. 31% പേർ ബാധിക്കില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ലഖിംപൂർ ഖേരി

ഒക്ടോബർ 3ന് നടന്ന ലഖിംപൂർ ഖേരിയിലെ കൊലപാതകം ബിജെപി സർക്കാരിന് തിരിച്ചടിയാകുമെന്ന് 55 % പേരും വിശ്വസിക്കുന്നു. 11 ശതമാനം പേർ ഇതിനെതിർ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 34 ശതമാനം പേർ കൃത്യമായ ഉത്തരം നൽകിയില്ല.

കർഷക സമരം

കർഷക സമരം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് 39 ശതമാനം പേർ രേഖപ്പെടുത്തിയതായി സർവേ പറയുന്നു. എന്നാൽ 52 ശതമാനം പേരും രേഖപ്പെടുത്തിയത് കർഷക സമരം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ്.

48 ശതമാനം പേരും യോഗി ആദിത്യനാഥ് കർഷകർക്കൊപ്പമാണ് നിൽക്കുന്നതെന്ന് വിശ്വസിക്കുമ്പോൾ, 37 ശതമാനം പേർ എതിർ അഭിപ്രായം രേഖപ്പെടുത്തി.

സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷം പിന്തുണയ്ക്കുന്ന പാർട്ടി ഏത് ?

2018 ലെ കണക്കുകൾ പ്രകാരം 19.3% മുസ്ലീങ്ങളാണ് ഉത്തർ പ്രദേശിലുള്ളത്. സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷം പിന്തുണയ്ക്കുന്ന പാർട്ടി ഏത് എന്ന ചോദ്യത്തിന് 51 ശതമാനം വോട്ടുകളും ലഭിച്ചത് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്കാണ്. ബിഎസ്പിക്ക് 17 ശതമാനം വോട്ടും, കോൺഗ്രസിന് എട്ട് ശതമാനം വോട്ടും ലഭിച്ചു. മൂന്ന് ശതമാനം വോട്ടുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

തെരഞ്ഞെടുപ്പിൽ മതം വിഷയമാകുമോ എന്ന ചോദ്യത്തിന് 24 ശതമാനം പേരും ‘അതേ’ എന്ന് ഉത്തരം നൽകിയപ്പോൾ, 28 ശതമാനം പേർ ചൂണ്ടിക്കാട്ടിയത് തൊഴിലില്ലായ്മയാണ്. 16% പേർ പുരോഗമനപ്രവർത്തനങ്ങളും, 32% പേർ ക്രമസമാധാന വിഷയവും ചൂണ്ടിക്കാട്ടി.

ഒബിസി വിഭാഗത്തിൽ നിന്ന് 56 ശതമാനം പേരാണ് ബിജെപി വിജയിക്കുമെന്ന് പോൾ ചെയ്തത്. 52 ശതമാനം യുവാക്കളും ബിജെപിയെ ആദ്യ ചോയ്‌സായി രേഖപ്പെടുത്തി.

സ്ത്രീകളുടെ വോട്ട്

38% സ്ത്രീകളുടെ വോട്ടും ബിജെപിക്കാകുമെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. 31% സ്ത്രീകൾ തെരഞ്ഞെടുത്തത് എസ്പിയെയാണ്.

Story Highlights : uttar pradesh election 2022 survey report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top